khashoggi-

റിയാദ്: മാദ്ധ്യമ പ്രവര്‍ത്തകന്‍ ഖഷോഗി വധക്കേസിൽ സൗദി കോടതിയുടെ വിധി ന്യായവും കുറ്റകൃത്യങ്ങൾക്കുള്ള പ്രതിരോധവുമാണെന്ന് ഖഷോഗിയുടെ കുടുംബ അഭിഭാഷകൻ പറഞ്ഞു. ജമാല്‍ ഖഷോഗിയെ വധിച്ച കേസില്‍ എട്ട് പേര്‍ക്ക് സൗദി അറേബ്യന്‍ കോടതി ശിക്ഷ വിധിച്ചു. അഞ്ച് പേര്‍ക്ക് 20 വര്‍ഷം വരെ തടവും മൂന്ന് പേര്‍ക്ക് 10 വര്‍ഷം വരെ തടവുമാണ് ശിക്ഷ.

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഖഷോഗിയുടെ മകന്‍ കഴിഞ്ഞ മേയ് മാസത്തില്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കി. ഇതോടെയാണ് ഇവര്‍ വധശിക്ഷയില്‍ നിന്ന് ഒഴിവായത്. പകരം 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. അതേസമയം, നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയെന്നും സൂചനയുണ്ട്.

2018 ഒക്ടോബര്‍ 2നാണ് ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായത്. ചില രേഖകള്‍ ശരിപ്പെടുത്തുന്നതിന് കോണ്‍സുലേറ്റില്‍ എത്തിയതായിരുന്നു അദ്ദേഹവും സുഹൃത്തും. കോണ്‍സുലേറ്റിലേക്ക് കയറിയ അദ്ദേഹം തിരച്ചുവന്നില്ല. പിന്നീട് തുര്‍ക്കി അന്വേഷണ സംഘമാണ് കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചത്.