ന്യൂഡൽഹി: കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ഒഴുകിയ ജലമല്ലെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാറിൽ നിന്ന് പെരിയാറിലേക്ക് ഒഴുകിയ ജലത്തിനേക്കാളും അധികജലം കേരളത്തിലെ അണക്കെട്ടിൽ നിന്ന് ഒഴുകിയിട്ടുണ്ടെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തമിഴ്‌നാട് വ്യക്തമാക്കി.
കേരളത്തിൽ മഴ ശക്തമാകുന്ന ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള മാസങ്ങളിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിയായി കുറയ്‌ക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് തമിഴ്‌നാടിന്റെ വിശദീകരണം. 2018ൽ പ്രളയം ഉണ്ടായ ഏഴ് ദിവസത്തിനിടയിൽ 6.65 ഘന അടി ജലം മാത്രമേ മുല്ലപ്പെരിയാറിൽ നിന്ന് പെരിയാറിലേക്ക് എത്തിയിട്ടുള്ളു. 2019ൽ പെരിയാറിൽ ജല നിരപ്പ് ഉയർന്നപ്പോഴും മുല്ലപെരിയാർ അണക്കെട്ടിൽ ഉണ്ടായിരുന്ന പരമാവധി ജലം 131.1 അടി മാത്രം ആയിരുന്നുവെന്നും തമിഴ്‌നാട് വ്യക്തമാക്കുന്നു.
സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ മേൽനോട്ട സമിതി, അണക്കെട്ട് സുരക്ഷിതമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. അതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറയ്ക്കണം എന്ന ആവശ്യം അനുവദിക്കരുത് എന്നും മറുപടി സത്യവാങ്മൂലത്തിൽ തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരി ഒന്നിനും മേയ് 30നും ഇടയിൽ മുല്ലപെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്ന മേഖലയിൽ 62 ഭൂചലനങ്ങൾ നടന്നെന്നായിരുന്നു ഹർജിക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ റിക്‌ടർ സ്‌കെയിലിൽ 0.08നും 2.8നും ഇടയിൽ തീവ്രത മാത്രമാണ് ഈ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു.
അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ചെറു ഭൂചലനങ്ങൾ ഭീഷണി അല്ലെന്നും സത്യവാങ്മൂലത്തിൽ തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ടിൽ വെള്ളം സംഭരിക്കുന്നത് കൊണ്ടാണ് ഭൂചലനം ഉണ്ടാകുന്നത് എന്ന വാദവും തമിഴ്‌നാട് തള്ളിക്കളയുന്നു. മുല്ലപ്പെരിയാറിൽ സംഭരിക്കുന്നതിനേക്കാൾ കൂടുതൽ ജലം ഇടുക്കിയിലും ഇടമലയാറിലും സംഭരിക്കുന്നുണ്ട് എന്നും തമിഴ്‌നാട് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.