m-c-kamarudheen

കാസർകോട്: ജൂവലറി തട്ടിപ്പിൽ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദീന്റെ വീട്ടിൽ റെയ്‌ഡ്. ജൂവലറി നിക്ഷേപവുമായി ബന്ധപ്പെട്ട ചില രേഖകൾ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. റെയ്‌ഡ് നടക്കുന്ന സമയത്ത് എം.എൽ.എ വീട്ടിൽ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത രേഖകൾ പൊലീസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.

ചന്തേര പൊലീസ് സ്‌റ്റേഷനിൽ 81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകളാണ് എം.എൽ.എയ്ക്ക് എതിരെ നിലവിലുള്ളത്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നൽകുന്നതിന് മുന്നോടിയായി വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് എം.എൽ.എയുടെ വീട്ടിൽ പരിശോധന നടന്നത്. റെയ്‌ഡിന് പിന്നാലെ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം എം.എൽ.എയോട് വിശദീകരണം തേടി.

എം.എൽ.എയുടെ പടന്നയിലെ വീട്ടിൽ ചന്തേര സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാഷൻ ഗോൾഡ് ഇന്റർനാഷണലിന്റെ മാനേജർ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. എം.എൽ.എയ്ക്ക് എതിരായുള്ള പരാതികളുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തിൽ എല്ലാ പരാതികളും ഒറ്റ കേസായി പരിഗണിച്ചായിരിക്കും അന്വേഷണം നടത്തുക.