ന്യൂഡൽഹി: യുദ്ധസമാന സാഹചര്യം തുടരുന്നതിനിടെ അതിർത്തിയിൽ നിന്ന് ഒരു ശുഭവാർത്ത. അതിർത്തി ലംഘിച്ച് ചൈനയിൽ നിന്ന് ഇന്ത്യയിലെത്തിയ ഒരുകൂട്ടം യാക്കുകളെ ഇന്ത്യൻ സൈന്യം ചൈനീസ് അധികൃതർക്ക് കൈമാറി എന്നതായിരുന്നു ആ ശുഭവാർത്ത. അരുണാചൽ പ്രദേശിലെ കിഴക്കൻ കമേംഗിലെ യഥാർത്ഥ നിയന്ത്രണ രേഖയാണ് 13 യാക്കുകളും നാല് കുഞ്ഞുങ്ങളും ലംഘിച്ചത്. ഓഗസ്റ്റ് 31നായിരുന്നു അതിർത്തിലംഘനം. ചൈനീസ് അധികൃതരുമായി കാര്യങ്ങൾ ചർച്ചചെയ്തശേഷമാണ് ഇവയെ കൈമാറിയത്. മാനുഷിക മൂല്യങ്ങൾ പരിഗണിച്ചുളള നടപടി എന്നാണ് യാക്കുകളുടെ കൈമാറ്റത്തെ ഇന്ത്യൻ സൈന്യം വിശേഷിപ്പിച്ചത്. നടപടിയിൽ ചൈന നന്ദി അറിയിച്ചിട്ടുണ്ട്. ചൈനീസ് സൈനികരാണ് യാക്കുകളെ ഏറ്റുവാങ്ങിയത്.
എന്നാൽ അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന അഞ്ച് യുവാക്കളെപ്പറ്റിയുളള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ചൈനീസ് സൈന്യം യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് നിനോംഗ് എറിംഗ് എന്ന കോൺഗ്രസ് എം എൽ എയായിരുന്നു. ചൈനീസ് സൈന്യത്തിന് ഇന്ത്യ സന്ദേശം അയച്ചിട്ടുണ്ടെന്നും മറുപടിക്കുവേണ്ടി കാത്തുനിൽക്കുകയാണെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജു കഴിഞ്ഞദിവസം പറഞ്ഞത്.