sanjana-gilrani

ബംഗളുരു: കന്നഡ സിനിമതാരം സഞ്ജന ഗൽറാണിയെ ബംഗളുരു മയക്ക്മരുന്ന് കേസിൽ അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തു. സെൻട്രൽ ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിനൊടുവിലാണ് നടിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പ്രശസ്‌ത ചലച്ചിത്ര താരം നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന. മുൻപ് സി.സി.ബി സഞ്ജനയുടെ വീട് റെയിഡ് നടത്തി ചില രേഖകൾ കണ്ടെത്തിയിരുന്നു. ഇതോടെ മയക്ക്മരുന്ന് കേസിൽ അറസ്‌റ്റിലാകുന്ന രണ്ടാമത്തെ പ്രമുഖ താരമായി സഞ്ജന. മുൻപ് കന്നഡ മുൻനിര നായിക രാഗിണി ദ്വിവേദിയെയും അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. രാഗിണിയെ അഞ്ച് ദിവസത്തേക്കാണ് സി.സി.ബി കസ്‌റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

അറസ്‌റ്റിലായ വ്യവസായി രാഹുൽ ഷെട്ടിയുമായി സഞ്ജനക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. താരങ്ങളടക്കം പങ്കെടുക്കുന്ന പാർട്ടികളിലെ ലഹരിമരുന്ന് മാർക്ക‌റ്രിംഗ് ഏജന്റായി രാഹുൽ ഷെട്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. പാർട്ടി സംഘാടകൻ വിരേൻ ഖന്നയെ മുൻപ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇതേ കേസിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കസ്‌റ്റഡിയിലുള‌ള അനൂപ് മുഹമ്മദും മ‌റ്റ് ലഹരിമരുന്ന് കടത്ത് പ്രതികളുമായി ബന്ധപ്പെടുത്തി അന്വേഷണം നടന്നുവരികയാണ്.