തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി നടൻ ടിനി ടോം. പെട്ടെന്നൊരു സൂപ്പർ സ്റ്റാറിന്റെ മകനായിട്ട് ജനിച്ചതല്ല താനെന്നും കലയ്ക്ക് വേണ്ടി പട്ടിണി അനുഭവിച്ചിട്ടുള്ള ആളാണെന്നും താരം പറഞ്ഞു. കൗമുദി ടി വിക്കുനൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
"ഞാൻ ഒരു തുറന്ന പുസ്തകമാണ്. നമ്മൾ അമ്പലപ്പറമ്പിൽ നിന്നും പള്ളിപ്പറമ്പിൽ നിന്നും വന്ന ആർട്ടിസ്റ്റാണ്. പെട്ടെന്നൊരു സൂപ്പർ സ്റ്റാറിന്റെ മകനായിട്ട് ജനിച്ചതല്ല. കലയ്ക്ക് വേണ്ടി പട്ടിണി അനുഭവിച്ചിട്ടുള്ള ആളാണ്. ഒന്നും ഒളിച്ചുവയ്ക്കാനില്ല, ബ്ലാക്ക് മണിയല്ല, ശരിക്കും രാവും പകലും പണിയെടുത്തുതന്നെ ഉണ്ടാക്കിയിട്ടുള്ളതാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് മിമിക്രിയിൽ വന്നവരുണ്ട്. അവർക്ക് ഒരുപാട് ജീവിതം കൊടുത്തിട്ടുള്ളതാണ് മിമിക്രി എന്ന കല. അവർ ഒരാളെ ഇൻസൾട്ട് ചെയ്യാനോ ബോഡീഷെയ്മിംഗിന് വേണ്ടിയൊന്നുമല്ല ചെയ്യുന്നത്.
എല്ലാവരും എൻജോയി ചെയ്യുന്നുണ്ട്. പക്ഷെ വർഗീയ വിഷം കുത്തി നിറയ്ക്കുന്നതുപോലെത്തന്നെ അതിനെ തെറ്റിദ്ധരിപ്പിച്ചാൽ ആൾക്കാരിലേക്ക് ആ വിഷം കുത്തിക്കേറും. നമ്മൾ പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും ഒരിക്കലും തർക്കിക്കരുത്. ഞാൻ വളരെ മാന്യമായിട്ടാണ് പറയുന്നത്. ഗതികേടുകൊണ്ടായിരിക്കാം അവർ അങ്ങനെ ആയിപ്പോയത്. ഒരു പക്ഷെ വിധി ആയിരിക്കാം.
അവരുടെ ശരീരം വരെ അവർ വിൽക്കുന്നു. അവരോട് നമ്മൾ തർക്കിച്ചാൽ നമ്മൾ നാറുകയേ ഉള്ളൂ. അത്തരത്തിലുള്ളതിനോട് ഞാൻ പ്രതികരിക്കാറില്ല. സെെബർ ബുള്ളീസ് ഒരിക്കലും നേരിട്ട് വരില്ല. ഓരോ സെെബർ അറ്റാക്ക് നടക്കുമ്പോഴും കൂടുതൽ പവർഫുൾ ആകും"-ടിനി ടോം പറഞ്ഞു.