കാനഡയിലെ തഖിനി ഹോട്ട് പൂൾസ് എന്ന സ്ഥാപനം അത്യപൂർവമായ ഒരു മത്സരം നടത്താറുണ്ട്. ഇന്റർനാഷണൽ ഹെയർ ഫ്രീസ് കോംപറ്റീഷൻ അഥവാ അന്താരാഷ്ട്ര മുടി ഉറയൽ മത്സരം. എല്ലാവർഷവും ഫെബ്രുവരിയിലാണ് ഇത് നടക്കാറുള്ളത്. ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികൾ മത്സരത്തിൽ പങ്കെടുക്കാൻ കാനഡയിൽ എത്തിച്ചേരും. ഏറ്റവും ആകർഷകമായ രീതിയിൽ ഉറയുന്ന മുടി ഒതുക്കി വയ്ക്കുക എന്നതാണ് മത്സരം.
ചൂടുള്ള നീരുറവകളിൽ തലമുടി മുക്കിവച്ച ശേഷം തല ഉയർത്തിപ്പിടിച്ച് തണുപ്പിച്ച വായു കടത്തിവിടുമ്പോൾ എെസിനൊപ്പം മുടി ഉറയുന്നു. ഇവയുടെ ചിത്രങ്ങൾ എടുത്ത് സ്ഥാപനത്തിന്റെ സൈറ്റിൽ പോസ്റ്റ് ചെയ്യണം. മത്സര സമയത്ത് എല്ലാ ചിത്രങ്ങളും ശേഖരിക്കുന്ന സംഘാടകർ മാർച്ചിൽ മികച്ച മൂന്ന് ചിത്രങ്ങൾ തിരഞ്ഞെടുക്കും. ചൂട് കൂടുതലായതിനാൽ ചില വർഷങ്ങളിൽ മത്സരം നടത്താൻ കഴിയാറില്ല. നല്ല നിലവാരമുള്ള ചിത്രങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളു. മുടി അപ്പാടെ ഉറയണം.
പുരുഷന്മാർക്കും സ്ത്രീകൾക്കും ഗ്രൂപ്പുകൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ട്. സമ്മാനമായി ഹോട്ട് പൂൾസിലെ ഒരു മാസത്തെ സൗജന്യ പ്രവേശനവും 50,000 രൂപയും ലഭിക്കും. നിറയെ മുടിയുള്ളവരാണ് സാധാരണ വിജയികളാവാറുള്ളത്. ഉറഞ്ഞു തുടങ്ങുമ്പോഴേ ഡിസൈൻ ചെയ്ത് തുടങ്ങേണ്ടതുണ്ട്. ചിത്രം എടുത്ത ശേഷം ചൂടുവെള്ളത്തിൽ തലമുടി കഴുകിയാൽ പഴയതു പോലെയാകും.