ന്യൂഡൽഹി: രാജ്യത്ത് പബ്ജി തിരിച്ചുവന്നേക്കുമെന്ന് സൂചന. ചൈനീസ് കമ്പനിയായ ടെൻസെന്റുമായുള്ള ബന്ധം കൊറിയൻ കമ്പനിയായ പബ്ജി കോർപറേഷൻ അവസാനിപ്പിച്ചതോടെയാണ് ഇന്ത്യയിൽ പബ്ജി തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
രാജ്യത്ത് പബ്ജി നിരോധിച്ചതിനെക്കുറിച്ചുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇനിമുതൽ ടെൻസെന്റ് ഗെയിംസിന് ഇന്ത്യയിലെ പബ്ജി മൊബൈലിൽ അവകാശം ഉണ്ടായിരിക്കില്ലെന്നും ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ കൊറിയൻ കമ്പനി അറിയിച്ചു. ഇന്ത്യയിലെ എല്ലാ ഉത്തരവാദിത്തങ്ങളും പബ്ജി കോർപ്പറേഷൻ ഏറ്റെടുക്കുന്നതായും പ്രസ്താവനയിൽ പറയുന്നു. ഇതോടെ ഇന്ത്യയിലെ കാര്യങ്ങൾ പബ്ജി കോർപ്പറേഷന്റെ കീഴിലേക്ക് തന്നെ മാറും
ഇന്ത്യയിൽ നിന്ന് ' ആപ്പിന്' വലിയ പിന്തുണ ലഭിച്ചിരുന്നെന്നും ,അതിന് നന്ദി പറയുന്നതായും നിർമ്മാതാവ് വ്യക്തമാക്കി. ദക്ഷിണ കൊറിയൻ ഗെയിമിംഗ് കമ്പനിയായ പബ്ജി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് പബ്ജി മൊബൈൽ ആപ്ലിക്കേഷൻ.
ഈ മാസം രണ്ടാം തീയതിയാണ് രാജ്യത്ത് ഗെയിം ആപ്പായ പബ്‌ജി ഉൾപ്പടെ 118 ചൈനീസ് ആപ്പുകളെ കേന്ദ്രസർക്കാർ നിരോധിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം ആപ്പുകൾ നിരോധിച്ച് ഉത്തരവിറക്കിയത്.