popular-finance-

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ വകയാറിലെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തുന്നു. പ്രതികളായ റോയി ഡാനിയൽ, പ്രഭ തോമസ്, റിനു മറിയം, റീബാ മേരി എന്നിവരെയും തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചു. റിമാന്റിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ കിട്ടിയത്.

പോപ്പുലറിന്റെ ശാഖകൾ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പും പണം എവിടേക്ക് വക മാറ്റിയെന്ന് കണ്ടെത്തുകയുമാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം. തെളിവെടുപ്പിനായി പ്രതികളെ എത്തിച്ച സമയത്ത് നിക്ഷേപകർ പ്രതിഷേധവുമായെത്തി. നിക്ഷേപകർ പ്രതികളെ കൂകി വിളിച്ചു. അതേസമയം പോപ്പുലർ ഫിനാൻസിന്റെ ബംഗളൂരുവിലെ ബ്രാഞ്ചുകളിൽ നിക്ഷേപിച്ച 200 കോടി രൂപയോളം നഷ്ടപ്പെട്ടെന്ന പരാതിയുമായി മലയാളികൾ ഉൾപ്പടെ നിരവധി പേർ ബംഗളൂരു പൊലീസിൽ പരാതി നൽകി.

തട്ടിപ്പിന് പിന്നിൽ വലിയ ഗൂഢാലോചനയും ആസൂത്രണവും നടന്നുവെന്ന് ജില്ലാ പൊലിസ് മേധാവി കെ.ജി സൈമൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിദേശത്തേയ്ക്ക് പണം കടത്തിയത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതികളുടെ വിദേശ ബന്ധങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പ്രതികളെ വിവിധ ബ്രാഞ്ചുകളിലെത്തിച്ച് തെളിവെടുപ്പും, ചോദ്യം ചെയ്യലും വരും ദിവസങ്ങളിലും തുടരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.