നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് വിദ്യാ ബാലൻ. ഇപ്പോൾ സിനിമാരംഗത്ത് നിന്നും താൻ നേരിട്ട അപമാനങ്ങൾ തുറന്ന് പറയുകയാണ് വിദ്യാ ബാലൻ. തുടക്കത്തിൽ നിരവധി പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും ഇരയായിരുന്നു. അത്തരമൊരു അനുഭവമാണ് നടി പങ്കുവച്ചത്.
വർഷങ്ങൾക്ക് മുൻപ് ഒരു തമിഴ് നിർമ്മാതാവ് തന്റെ മുഖത്തുനോക്കി പറഞ്ഞ കാര്യത്തെ കുറിച്ചും വിദ്യ വെളിപ്പെടുത്തി. "അവരെ നോക്കൂ,ഒരു നായികയെ പോലെ ഉണ്ടോ എന്നായിരുന്നു നിർമ്മാതാവിന്റെ പരാമർശം...ഭംഗിയില്ലെന്ന് എനിക്ക് തന്നെ തോന്നി.കണ്ണാടിയിൽ എന്നെ കാണുന്നത് പോലും ഇഷ്ടപ്പെട്ടില്ല.കാരണം കാണാൻ ഭംഗിയില്ലെന്നായിരുന്നു ഞാൻ വിശ്വസിച്ചത്.ഒരുപാട് കാലം ആ തോന്നൽ ഉണ്ടായിരുന്നു. അന്ന് ആ മനുഷ്യനോട് ക്ഷമിച്ചില്ല. പക്ഷേ ഇന്ന് എനിക്ക് സന്തോഷമുണ്ട്,ഞാൻ എങ്ങനെയാണോ ആ രീതിയിൽ എന്നെ ഇഷ്ടപ്പെടാൻ പഠിച്ചിരിക്കുന്നു..." വിദ്യാ ബാലൻ പറഞ്ഞു.
മുൻപ് ആദ്യകാലത്ത് നേരിട്ട അനുഭവങ്ങൾ മൂലം തമിഴ് സിനിമ ചെയ്യാൻ തനിക്ക് അത്ര താൽപര്യമില്ലായിരുന്നുവെന്ന് വിദ്യാ ബാലൻ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ആ അനുഭവങ്ങളാണ് പിന്നീട് തന്നെ താനാക്കിയതെന്ന് മനസിലായെന്നും നടി പറഞ്ഞു. ഒരു അനുഭവം കൊണ്ടുമാത്രം ആ ഇൻഡസ്ട്രിയെ വേണ്ടെന്നു വയ്‌ക്കേണ്ട കാര്യമില്ലെന്ന് പിന്നീട് തോന്നിയതായും വിദ്യാ ബാലൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഗണിതശാസ്ത്രപ്രതിഭ ശകുന്തളാദേവിയുടെ ജീവിതം വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിച്ച വിദ്യാ ബാലൻ താൻ കണക്കിൽ ഒട്ടും മോശമല്ലായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. പത്താം ക്ലാസിലെ സ്വന്തം മാർക്ക്ലിസ്റ്റുമായി എത്തിയാണ് താരം പ്രേക്ഷകരെ ഞെട്ടിച്ചത്. 'ശകുന്തളയുടെ അടുത്തെത്തില്ലെങ്കിലും താനും കണക്കിൽ ഒട്ടും മോശമല്ലല്ലോ അല്ലേ' എന്നാണ് വിദ്യ ചോദിച്ചത്. 1994ലെ പത്താംക്ലാസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ആണ് വിദ്യ ആരാധകർക്കായി ട്വിറ്ററിലൂടെ പങ്കുവച്ചത്. 82 ശതമാനം മാർക്കു വാങ്ങിയ വിദ്യ കണക്ക് പരീക്ഷയിൽ 150ൽ 126 മാർക്ക് നേടിയിരുന്നു. 577 മാർക്ക് ആണ് നടി ആകെ കരസ്ഥമാക്കിയത്.താനൊരു ജീനിയസ് ഒന്നുമല്ലായിരുന്നു. പക്ഷേ ഒട്ടും മോശമൊന്നും അല്ലായിരുന്നു എന്നും വിദ്യ പറഞ്ഞിരുന്നു.