21-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ചിരുന്നു
പ്രാഗ്: വിഖ്യാത ചെക്ക് സംവിധായകനും നടനും ഓസ്‌കാർ ജേതാവുമായ ജിരി മെൻസെൽ അന്തരിച്ചു. 82 വയസായിരുന്നു. ഭാര്യ ഓൾഗ മെൻസെലോവ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. 2017ൽ തലച്ചോറിൽ ശസ്ത്രക്രിയയെ നടത്തിയതിനെ തുടർന്ന് ശാരീരിക അവശതകൾ അലട്ടിയിരുന്ന ജിരി വളരെ അപൂർവമായി മാത്രമേ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ.
ചെക്ക് നവ തരംഗ സിനിമയിൽ പ്രധാനിയായിരുന്ന ജിറി, തന്റെ ആദ്യ ഫീച്ചർ ചിത്രത്തിലൂടെയാണ് മികച്ച വിദേശ സിനിമക്കുള്ള ഓസ്‌കർ സ്വന്തമാക്കിയത്. 1966ൽ പുറത്തിറങ്ങിയ 'ക്ലോസ്ലി വാച്ച്ഡ് ട്രെയിൻസ്' എന്ന ചിത്രം രണ്ടാം ലോക യുദ്ധകാലത്ത് ചെക്കൊസ്ലൊവാക്യയിലെ ഒരു ചെറിയ റെയിൽവേ സ്റ്റേഷൻ പശ്ചാത്തലമാക്കി സമരത്തിന്റെയും സഹനത്തിന്റെയും കഥ പറഞ്ഞ ചിത്രം, ബൊഹുമിൽ ഹ്രബലിന്റെ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു.
1986ൽ അദ്ദേഹത്തിന്റെ 'മൈ സ്വീറ്റ് ലിറ്റിൽ വില്ലേജ്' എന്ന ചിത്രം ഓസ്‌കറിന് നാമനിർദേശം ചെയ്യപ്പെട്ടു.
1969ൽ 'ലാർക്സ് ഓൺ എ സ്ട്രിങ്" എന്ന ചിത്രം കമ്യൂണിസ്റ്റ് സർക്കാറിനെ വിമർശിക്കുന്നതാണെന്ന് ആരോപിച്ച് ചെക്കൊസ്ലൊവാക്യയിൽ പ്രദർശനം നിരോധിച്ചു. 21 വർഷങ്ങൾക്കു ശേഷം 1990ലാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്.
21-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
ജിരിയുടെ പല സിനിമകളും ചെക്ക് റിപ്പബ്ളിക്കിലെ സാധാരണ ജീവിതങ്ങളുടെ നേർക്കാഴ്ചയായിരുന്നു. അതുകൊണ്ടു തന്നെ പല ചിത്രങ്ങളും സിനിമാ വിദ്യാർത്ഥികളുടെ പഠന വിഷയവുമാണ്. സ്ട്രോപ് എന്ന ഷോർട്ട് ഫിലിമിലൂടെ 1962ൽ നടനായി തുടക്കം കുറിച്ച ജിരി 2014 വരെ അഭിനയരംഗത്തും സജീവമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഹൃത്തുക്കളുടെ നിർബന്ധത്തിൽ 2018 ൽ അഭിനയിച്ച ദ ഇന്റർപ്രെട്ടർ ആണ് അവസാന സിനിമ. 2004ലാണ് ജിരി, ഓൾഗയെ വിവാഹം കഴിക്കുന്നത്. അന്ന കരോലിന, ഇവ മറിയ എന്നിവരാണ് മക്കൾ.