balabhaskar-

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കാൻ സി.ബി.ഐ തീരുമാനം. വിഷ്‌ണു സോമസുന്ദരം, പ്രകാശ് തമ്പി, അർജുൻ, കലാഭവൻ സോബി എന്നിവരെയാണ് നുണ പരിശോധനയ്‌ക്ക് വിധേയരാക്കുക. ഇതിനായി നാളെ തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ അപേക്ഷ നൽകും. ബാലഭാസ്‌കർ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വർണക്കടത്ത് നടന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം.

വിഷ്ണു സോമസുന്ദരം നിരവധി പ്രാവശ്യം ദുബായ് സന്ദർശിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദുബായിൽ തുടങ്ങിയ ബിസിനസിൽ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50 ലക്ഷം രൂപ ബാലഭാസ്കർ കടമായി തന്നിരുന്നുവെന്നുമാണ് വിഷ്ണുവിന്റെ മൊഴി. ദുബായിലെ കമ്പനിയിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് സൂപ്രണ്ടിനും നിക്ഷേപമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരിൽ 20 ശതമാനം ഓഹരി നിക്ഷേപമാണ് ഉള്ളത്. സ്വർണക്കടത്ത് പിടിച്ചതോടെ കമ്പനിയും തകർന്നു. അടുക്കള ഉപകരണങ്ങൾ വിൽപ്പന നടത്തനായിരുന്നു കമ്പനി തുടങ്ങിയത്.

ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കൾ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജുനെ മറയാക്കി സ്വർണക്കടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. കേസിൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും സാക്ഷിയായ കലാഭവൻ സോബിയുടെയും മൊഴി സി.ബി.ഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു.