മഹേഷ് നാരായണൻ ചിത്രം സീ യൂ സൂണിന് അഭിനന്ദനവുമായി തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ. 2020 ലെ മികച്ച ചിത്രമാണിതെന്നും എന്റെ മലയാളി വേരുകളിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു എന്നുമാണ് തൃഷയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സീ യു സൂണിനെ ക്കുറിച്ച് തൃഷ കുറിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ സജീവമായ തൃഷ കൃഷ്ണൻ ജനിച്ചത് പാലക്കാടാണ്. മലയാളത്തിൽ ഹെയ് ജൂഡ് എന്ന ചിത്രം മാത്രമാണ് നടി ഇതുവരെ ചെയ്തിരിക്കുന്നത്. മികച്ച നിരൂപക പ്രശംസ ലഭിച്ച സീ യു സൂൺ സെപ്തംബർ ഒന്നിനാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂർണമായും ഐ ഫോണിലാണ് സീ യു സൂൺ ചിത്രീകരിച്ചത്. 14 ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. ഫഹദ് താമസിക്കുന്ന അപ്പാർട്ട്മെന്റിൽ 5 ഫ്ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു താരങ്ങളെയും അണിയറ പ്രവർത്തകരെയും താമസിപ്പിച്ചതെന്ന് നേരത്തെ സംവിധായകൻ മഹേഷ് നാരായണൻ വ്യക്തമാക്കിയിരുന്നു.