മുംബയ്: സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടന്റെ കാമുകിയായ നടി റിയ ചക്രബർത്തി അറസ്‌റ്റിലായി. തുടർച്ചയായി മൂന്നാം ദിവസം നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിനൊടുവിലാണ് റിയയെ ഇന്ന് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
ഞായറാഴ്‌ച ആറ് മണിക്കൂറും തിങ്കളാഴ്‌ച എട്ട് മണിക്കൂറും റിയയെ ചോദ്യം ചെയ്‌തിരുന്നു. ജൂൺ 14ന് ആത്മഹത്യ ചെയ്‌ത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‌പുത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായുളള ചോദ്യം റിയ മുൻപ് നിരസിച്ചിരുന്നെങ്കിലും നർകോട്ടിക് വിഭാഗത്തിന്റെ ചോദ്യം ചെയ്യലിൽ റിയ ഇക്കാര്യം സമ്മതിച്ചു. തന്റെ സഹോദരൻ ഷോവിക് ചക്രവർത്തി വഴി ലഹരി നിറച്ച സിഗരറ്റ് നൽകിയിരുന്നതായി റിയ സമ്മതിച്ചിട്ടുണ്ട്. മുൻപ് റിയയുടെ ഫോണിൽ ലഹരിയുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടെത്തിയിരുന്നു.കേസിൽ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ, പാചകക്കാരൻ ദീപേഷ് സാവന്ത് എന്നിവരെ മുൻപ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.