s

ചെക്ക് ചലച്ചിത്ര ഇതിഹാസം ജിറി മെൻസിലിന് വിട....

" ഒരു വിഭാഗം ബുദ്ധി ജീവികൾക്കു വേണ്ടി മാത്രമാകരുത് സിനിമ.നമ്മുടെ ആശയം വലിയൊരു വിഭാഗം പ്രേക്ഷകർ ഉൾക്കൊള്ളണമെങ്കിൽ അത് ജനങ്ങൾക്ക് മനസിലാകുന്ന വിധം ആവിഷ്ക്കരിക്കണം. അല്ലാതെ ബലം പിടിക്കരുത്." ജനപക്ഷത്തു നിന്ന് സിനിമയെടുത്ത ജിറി മെൻസിൽ പറഞ്ഞതോർക്കുന്നു

ജിറി മെൻസിലിന്റെ കണ്ണ് നിറഞ്ഞ കാഴ്ചയായിരുന്നു അത് .തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധിയിൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദി. 2016 ലെ ഐ.എഫ്.എഫ്. കെയുടെ സിനിമയ്ക്കുള്ള സമഗ്ര സംഭാവന പുരസ്കാരം കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റു വാങ്ങിയ നിമിഷം.അവിടെ സന്നിഹിതരായിരുന്ന ആയിരങ്ങൾ മുഴക്കിയ ഹർഷാരവം ആ അതുല്യ ചലച്ചിത്രകാരന്റെ കണ്ണ് നനയിച്ചു.

s

" സിനിമയെ ഇവിടെയുള്ളവർ ഇത്രയധികം സ്നേഹിക്കുന്നോ? " അടുത്ത ദിവസം നേരിൽക്കണ്ടപ്പോൾ അദ്ദേഹം ഇതെഴുതുന്നയാളിനോട് ചോദിച്ചു.തന്റെ ആദ്യ ചിത്രമായ ക്ളോസ് ലി വാച്ച്ഡ് ട്രെയിൻസിന്റെ പ്രദർശനം കാണാൻ തിയറ്റർ നിറഞ്ഞ് കവിഞ്ഞ് പ്രേക്ഷകർ എത്തിയതും അദ്ദേഹത്തിന് അത്ഭുതമായിരുന്നു.1966 ൽ ഇറങ്ങിയ ആ ചിത്രം അരനൂറ്റാണ്ടിനുശേഷം പ്രദർശിപ്പിക്കുകയായിരുന്നു ഇവിടെ .മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ കരസ്ഥമാക്കിയ ക്ളോസ് ലി വാച്ച്ഡ് ട്രെയിൻസ് ഇന്നും ചലച്ചിത്ര കുതുകികൾക്ക് പ്രിയങ്കരമാണ്.രണ്ടാം ലോക മഹായുദ്ധകാലത്തെ ആസ്പദമാക്കി ചെക്ക് സാഹിത്യകാരൻ ബൊഹുമിൽ ഗ‌ബൽ എഴുതിയ നോവലിനെ ഇതിവ‌ൃത്തമാക്കിയെടുത്ത ചിത്രമായിരുന്നു അത്.ജർമ്മൻ അധിനിവേശത്തിലായ ചെക്കോസ്ളോവാക്യയിലെ ഒരു റെയിൽവേ സ്റ്റേഷനിലെ ഗാർഡ് ഡ്യൂട്ടിയിലുള്ള യുവാവിന്റെ കാഴ്ചപ്പാടിലൂടെ ആ യുദ്ധകാലത്തെ നോക്കിക്കാണുന്നതാണ് ചിത്രം.രൂക്ഷമായ പരിഹാസം കറുത്ത ഫലിതത്തിലൂടെ സംവിധായകൻ ആവിഷ്ക്കരിക്കുമ്പോൾ അത് കൂരമ്പുപോലെ ചെന്നു തറയ്ക്കുന്നത് ഭരണകൂടത്തിന്റെ നെഞ്ചിൽത്തന്നെയായിരുന്നു. ക്ളോസ് ലി ഒബ്സർവ്ഡ് ട്രെയിൻസ് എന്ന പേരിലാണ് ഈ ചിത്രം ഇംഗ്ളണ്ടിൽ റിലീസ് ചെയ്തത്.

s

ചെക്ക് നവതരംഗ സിനിമയുടെ വക്താവായാണ് ജിറി മെൻസിലിനെ വിലയിരുത്തപ്പെടുന്നത്.സിനിമയ്ക്കൊപ്പം നാടകരംഗത്തും ശ്രദ്ധേയമായ സംഭാവന ചെയ്ത മെൻസിൽ മികച്ച നടനുമായിരുന്നു.അനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.1938 ൽ പ്രാഗിലായിരുന്നു ജിറി മെൻസിലിന്റെ ജനനം.2016 ൽ ഇവിടെ നിന്ന് മടങ്ങി അടുത്ത വർഷം അദ്ദേഹം തലച്ചോറിൽ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായി.കഴിഞ്ഞ കുറേന്നാളുകളായി രോഗബാധിതനായിരുന്നു.82 -ാം വയസിലായിരുന്നു അന്ത്യം. ചലച്ചിത്ര നിർമ്മാതാവായ ഓൾഗാ മെൻസ്ലോവയാണ് ഭാര്യ.അന്നാ കരോലിന,ഈവാ മരിയ എന്നീ രണ്ട് മക്കളുണ്ട്.

ബെർലിനിൽ ഗോൾഡൻ ബെയർ നേടിയ ലാർക്ക്സ് ഓൺ എ സ്ട്രിംഗ് നാട്ടിൽ നിരോധിച്ചിരുന്നു.1990 ചെക്കിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനശേഷമാണ് അവിടെ ചിത്രം പ്രദർശിപ്പിക്കാനായത്.പ്രാഗ് വസന്തമെന്ന് വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രീയ സംഭവ വികാസങ്ങളായിരുന്നു ആ ചിത്രത്തിന്റെ പ്രമേയം.മൈ സ്വീറ്റ് ലിറ്റിൽ വില്ലേജ് എന്ന ജിറി ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.ക്രൈം ഇൻ എ മ്യൂസിക് ഹാൾ,ഐ സേർവ്ഡ് ദ കിംഗ് ഓഫ് ഇംഗ്ളണ്ട്,ദി ഡോൺ ജുവാൻസ് എന്നിവ ജിറി മെൻസിൽ ഒടുവിലെടുത്ത ചിത്രങ്ങളാണ്.

s

ഇന്ത്യൻ ഡോക്കുമെന്ററി സംവിധായകനായ ശിവേന്ദ്രസിംഗ് ദുംഗാ‌പൂർ " ചെക്ക് മേറ്റ്--ഇൻ സെർച്ച് ഓഫ് ജിറി മെൻസിൽ " എന്നൊരു ചിത്രമെടുത്തിരുന്നു.ഏഴു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം ചെക്ക് ന്യൂവേവിന്റെ സംവിധായകനായ ജിറി മെൻസിലിനേയും ചെക്ക്,സ്ളോവാക്ക് സിനിമകളുടെ വലിയൊരു കാലഘട്ടത്തെയും അവലോകനം ചെയ്ത ഡോക്കുമെന്ററിയായിരുന്നു.

ബ്ളാക്ക് ഹൂമറും ബൗദ്ധിക വീക്ഷണവും സിനിമയിൽ അവതരിപ്പിക്കുമ്പോഴും അതെല്ലാം ജനങ്ങൾ ആസ്വദിക്കണമെന്ന പക്ഷക്കാരനായിരുന്നു ജിറി മെൻസിൽ .തിരുവനന്തപുരത്ത് വച്ച് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞതോർക്കുന്നു." നമ്മൾ വലിയൊരു പ്രമേയമാകാം മുന്നോട്ടുവയ്ക്കുന്നത്.പക്ഷേ അതാർക്കു വേണ്ടിയാണ്? പ്രേക്ഷകർക്കു വേണ്ടി.ഒരു വിഭാഗം ബുദ്ധി ജീവികൾക്കു വേണ്ടി മാത്രമാകരുത് സിനിമ.നമ്മുടെ ആശയം വലിയൊരു വിഭാഗം പ്രേക്ഷകർ ഉൾക്കൊള്ളണമെങ്കിൽ അത് ജനങ്ങൾക്ക് മനസിലാകുന്ന വിധം ആവിഷ്ക്കരിക്കണം. അല്ലാതെ ബലം പിടിക്കരുത്."ആകെ ചെറിയ ഈ ജീവിതത്തിൽ മനുഷ്യന്റെ ആനന്ദവും ദുഖങ്ങളും കാണാതെ എന്ത് സിനിമ? ഗുഡ് ബൈ പ്രിയ ജിറി മെൻസിൽ