ജനീവ: കൊവിഡ് 19 ലോകത്തെ അവസാനത്തെ പകർച്ചവ്യാധി അല്ലെന്നും ഇതിന് പിന്നാലെ മറ്റൊരു പകർച്ചവ്യാധി കൂടി നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇതിനായി ലോക രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഇത് അവസാനത്തെ പകർച്ചവ്യാധി ആയിരിക്കില്ല. പകർച്ചവ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാൽ അടുത്ത പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ ലോകം അതിനെ നേരിടാൻ തയ്യാറായിരിക്കണം." - ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ ടെഡ്രോസ് പറഞ്ഞു.
അതേസമയം ലോകത്ത് ഇതുവരെ 27.19 ദശലക്ഷം പേർക്കാണ് കൊവിഡ് രോഗം ബാധിച്ചത്. 8,88,326 പേർ ഈ രോഗത്താൽ മരണമടഞ്ഞു.
ലോകത്ത് പകർച്ചവ്യാധികളും മഹാവ്യാധികളും പൊട്ടിപ്പുറപ്പെടുന്നത് ജീവിതയാഥാർത്ഥ്യങ്ങളിലൊന്നാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പക്ഷേ, അടുത്ത പകർച്ചവ്യാധി വരുമ്പോൾ, ഇത്തവണത്തേക്കാൾ കൂടുതൽ ലോകം അതിനെ നേരിടാൻ തയ്യാറെടുത്തിരിക്കണം. അടുത്ത വർഷം പകുതിക്കു മുമ്പ് വൻതോതിലുള്ള കൊവിഡ് വാക്സിനേഷൻ പ്രതീക്ഷിക്കേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനാ വക്താവ് മാർഗറ്റ് ഹാരിസ് വ്യക്തമാക്കി.
വാക്സിൻ വിതരണം ഏറ്റെടുത്ത് യുനിസെഫ്
കൊവിഡ് മഹാമാരിക്കെതിരെ ഫലപ്രദമായ വാക്സിൻ നിർമ്മിച്ചാലുടൻ അത് ലോകമെങ്ങും ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം യുനൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) ഏറ്റെടുത്തു.
പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷനുമായി ചേർന്നാണ് യുനിസെഫ് ഈ ദൗത്യം ഏറ്റെടുത്തത്. ലോകത്ത് ഏറ്റവും കൂടുതൽ വാക്സിനുകൾ വാങ്ങുന്ന യുനിസെഫ് നൂറോളം രാജ്യങ്ങളിൽ ഇത് ലഭ്യമാക്കുന്നുണ്ട്.
പോളിയോ, മുണ്ടിനീര് എന്നിവയ്ക്കടക്കം പ്രതിവർഷം 200 കോടി ഡോസ് വാക്സിനാണ് യുനിസെഫ് വാങ്ങി വിതരണം ചെയ്യുന്നത്. കോവാക്സ് ഗ്ളോബൽ വാക്സിൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തി എല്ലാവർക്കും മഹാമാരിക്കെതിരായ വാക്സിൻ എത്തിക്കുകയാണ് ലക്ഷ്യം. കോവാക്സുമായി ചേർന്ന് കൊവിഡ് വാക്സിൻ സംഭരിക്കാനും ദരിദ്രവും വികസ്വരവുമായ 92 രാജ്യങ്ങളിൽ വിതരണം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
മഹാമാരിയുടെ ഏറ്റവും മോശമായ അവസ്ഥ അവസാനിപ്പിക്കാൻ ആഗോള വിതരണം നടത്തുകയെന്ന പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് യുനിസെഫ് ട്വീറ്റിലൂടെ വ്യക്തമാക്കി. ഉയർന്ന വരുമാനമുള്ള 80 രാജ്യങ്ങളിൽ അവരുടെ ബഡ്ജറ്റുകൾക്ക് അനുസൃതമായി വാക്സിൻ എത്തിക്കും. ചരിത്രത്തിലാദ്യമായാണ് 170ലധികം രാജ്യങ്ങളിലേക്കുള്ള വാക്സിൻ സംഭരണം, വിതരണം എന്നിവ അതിവേഗത്തിൽ ചെയ്യുന്നത്.