കിഴക്കുദിശയെ ഏറ്റവും മഹത്തരമായ ദിശയായിട്ടാണ് കണക്കാക്കുന്നത്. കിഴക്കോട്ട് വീട് പണിയുക എന്നത് പാരമ്പര്യമായി തന്നെ ഭാരതത്തിന്റെ ഇഷ്ടമായിരുന്നു. കിഴക്കോട്ട് വീട് നിൽക്കുകയെന്നാൽ അതൊരു ഐശ്വര്യമായാണ് കരുതുന്നത്. എന്നു കരുതി മറ്റു ദിശകൾ മോശപ്പെട്ടതാണെന്ന് അർത്ഥമില്ല. കൂടുതൽ നല്ലത് എന്നാണ് ഉദ്ദേശിച്ചത്. കിഴക്കോട്ട് ദർശനമെന്നു കരുതി വാസ്തു കൃത്യമല്ലാതെ വീട് വച്ചാൽ അത് ദോഷം തന്നെയാണ്. കിഴക്കു ദിശയോട് ഇഷ്ടം തോന്നാൻ പ്രകൃതിയിൽ തന്നെ ഏറെ കാരണങ്ങളുണ്ട്. സൂര്യൻ ഉദിക്കുന്ന ദിക്കാണ് കിഴക്കു ദിശ. സൂര്യ കിരണങ്ങൾ ആദ്യമെത്തുന്ന ദിശ. അത് നമുക്ക് നേരിട്ട് കാണാവുന്നതാണ്. ഋഷിവര്യന്മാരും യോഗികളും മുതിർന്നവരുമൊക്കെ സൂര്യനെ നോക്കി നമസ്ക്കരിക്കാറുണ്ട്. സ്വർണ വർണമാർന്ന ആദ്യ സൂര്യശോഭ കിഴക്കുദിശയാണ് ഏറ്റുവാങ്ങുന്നത്. വൈറ്റമിൻ ഡി.യുടെ കലവറയാണ് പ്രഭാതസൂര്യ കിരണങ്ങൾ. വീടിനുള്ളിലേയ്ക്കു വീഴുന്ന സൂര്യകിരണങ്ങളിലൂടെ വീട് അണുവിമുക്തമാകുമെന്നാണ് പണ്ടുമുതലേയുളള വിശ്വാസം. കിഴക്കോട്ട് ദർശനമായ വീടിന്റെ തെക്കു വടക്കായും കിഴക്കായും വടക്കുകിഴക്കായിട്ടുമൊക്കെ റോഡുണ്ടാവും. കിഴക്കോട്ടു നിൽക്കുന്ന വീട് പുരുഷന്മാരെ വലുതായി സ്വാധീനം ചെലുത്തുമെന്നാണ് വിശ്വാസം. വീടിനെ നോക്കി വഴി വടക്ക് കിഴക്കായി ചരിഞ്ഞു പോകുന്നുവെങ്കിൽ അത്യുത്തമമാണ് അത്.എത്ര സെന്റ് സ്ഥലമായാലും പടിഞ്ഞാറിനെ അപേക്ഷിച്ച് കിഴക്ക് സ്ഥലം അൽപ്പമെങ്കിലും അധികമായിരിക്കണം, തെക്കിനെ അപേക്ഷിച്ച് വടക്കും. കിഴക്ക് പുരുഷന്മാരെയും വടക്ക് സ്ത്രീകളെയും സ്വാധീനിക്കും. രണ്ടും മറ്റു ദിശകളേക്കാൾ അധികമായി നിൽക്കുമ്പോൾ വീട്ടിൽ യോജിപ്പോടെ പ്രശ്നങ്ങളില്ലാതെ കഴിയാനാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പലേടത്തും കാണുന്ന ഒരു വലിയ ന്യൂനത മുറ്റമെന്ന പേരിൽ കോമ്പൗണ്ട് കെട്ടിയടക്കലാണ്. അത് പാടില്ല.
തെക്കും പടിഞ്ഞാറും അതു ചെയ്താൽ പോലും വടക്കും കിഴക്കും അങ്ങനെ ചെറിയ കയ്യാലയോ ചെറിയമതിലോ കെട്ടി വീടിനെ തിരിക്കരുത്. വീടിന് ഒറ്റ മതിൽ മതിയാവും. വസ്തുവിൽ ഗേറ്റ് വയ്ക്കുമ്പോൾ അത് പരമാവധി വടക്കു കിഴക്ക് ഭാഗത്തേയ്ക്ക് കേന്ദ്രീകരിക്കുകയോ പരമാവധി കിഴക്കു തന്നെ വയ്ക്കുകയോ വേണം. കിഴക്കോട്ട് നിൽക്കുന്ന വീടിന്റെ പ്രധാനവാതിലും ഇത്തരത്തിൽ ചെയ്യുന്നതാണ് ഉത്തമം. കിഴക്കോട്ട് പ്രധാന വാതിൽ വയ്ക്കുകയും ഫാഷനുവേണ്ടി തെക്കോട്ട് മറ്റൊരു വാതിലും പുതിയ കണ്ടംപററി എലിവേഷൻ സ്വീകരിക്കുന്ന വീടുകളിൽ കണ്ടുവരാറുണ്ട്.അത് വലിയ ദോഷത്തിനിടയാക്കും.കിഴക്കോട്ട് ദർശനമായ വിടിന് വടക്കു കിഴക്കായി വീടിനോട് ചേർന്ന് കാർപോർച്ച് വരുന്നത് നല്ലതാണ്. കാർപോർച്ചിന് അടുത്ത് വരാന്തയിലോ ഈശാന ഭാഗ ക്രമത്തിലോ പൂജാമുറിയും സജ്ജമാക്കാം. പക്ഷേ കാർപോർച്ച് കെട്ടുമ്പോൾ മൊത്തം ഫൗണ്ടേഷനും താഴെ വന്ന് കയറുന്നത് ഉറപ്പാക്കണം. ചിലർ കാർ പോർച്ച് ഭാഗം അടിത്തറ കെട്ടാതെ ഒഴിച്ചിടാറുണ്ട്.അത് വാസ്തുശാസ്ത്രപരമായി തെറ്റാണ്.
കിഴക്കു ദർശനമായ വീടുകളിൽ പലപ്പോഴും മുന്നിൽ പുക വരുമെന്ന് പറഞ്ഞ് പലരും അടുക്കള വടക്ക് പടിഞ്ഞാറേയ്ക്ക് മാറ്റാറുണ്ട്. ചിലർ വടക്ക് കിഴക്ക് അടുക്കള കെട്ടിവയ്ക്കുകയും ചെയ്യും. രണ്ടും തെറ്റാണ്. അത് മറ്റു വഴികളില്ലെങ്കിൽ മാത്രമേ ചെയ്യാവൂ. തെക്കു കിഴക്കു തന്നെ അടുക്കളവയ്ക്കുകയും പ്രധാനവാതിലും സ്വീകരണമുറിയുമൊക്കെ നേർകിഴക്കോ വടക്കു കിഴക്കോ ആയി ക്രമീകരിക്കേണ്ടതുമാണ്. വടക്കു കിഴക്ക് അടുക്കള വയ്ക്കുന്നതിനെക്കാൾ നല്ലത് വടക്ക് പടിഞ്ഞാറാണ്. ഇതേ പംക്തിയിൽ പലതവണ സൂചിപ്പിച്ചതുപോലെ വടക്ക് കിഴക്ക് ഈശാന മൂലയാണ്. ഭാരം കുറഞ്ഞ് തുറന്ന കിടക്കേണ്ടിടമാണത്. വീടിനോട് ചേർന്ന് പൂജാമുറിയോ പോർച്ചോ തന്നെ വരണം. വസ്തുവിൽ കിണറുമാണ് വരേണ്ടത്.
(കിഴക്കു ദിശ ബാക്കി അടുത്ത ആഴ്ച)