സെന്റ് ലൂയിസ് : ഭിന്നശേഷിക്കാരനായ ഷെയ്‌ൻ ബുർകാവ് എന്ന 27 കാരന്റെയും പ്രണയിനിയായ ഹന്ന ഐൽവാർഡ് എന്ന 24 കാരിയുടെയും കഥ ആരെയും അത്ഭുതപ്പെടുത്തും. യഥാർത്ഥ സ്നേഹത്തിന് മുന്നിൽ മനുഷ്യന്റെ കുറ്റവും കുറവുകളും ഒരു തടസവുമല്ല എന്ന് തെളിയിക്കുകയാണ് ഇരുവരും. സാമൂഹ്യമാദ്ധ്യമങ്ങളിലും യൂട്യൂബ് ചാനലിലും ഇന്ന് ഇവർക്ക് നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ ദിവസമാണ് മിനിസോട്ട സ്വദേശികളായ ഇരുവരും വിവാഹിതരായത്.
സ്പൈനൽ മസ്കുലാർ അട്രോപി എന്ന ന്യൂറോ മസ്കുലാർ രോഗാവസ്ഥയോട് കൂടി ജനിച്ചയാളാണ് ഷെയ്‌ൻ. വളരും തോറും ഷെയ്നിന്റെ പേശികൾ ചുരുങ്ങാൻ തുടങ്ങി. രണ്ട് വയസു മുതൽ ഒരു ഇലക്ട്രിക് വീൽചെയറിലാണ് ഷെയ്‌ൻ ജീവിക്കുന്നത്. കൈ കാലുകൾ ശരിക്കും ചലിപ്പിക്കാൻ സാധിക്കില്ല. ഷെയ്നിന്റെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കൻ നടൻ റൈൻ വിൽസൺ നിർമിച്ച ഡോക്യുമെന്ററി കണ്ടാണ് ഹന്ന ഷെയ്നിനെ തേടിയെത്തിയത്. എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറും കൂടിയാണ് ഷെയ്ൻ.
ഇ മെയിലുകളിലൂടെയാണ് ഹന്ന ആദ്യമായി ഷെയ്നെ പരിചയപ്പെട്ടത്. പിന്നീട് മെസേജുകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഇരുവരും അടുത്തു. ഷെയ്നിന്റെ ഹ്യൂമർ സെൻസും എഴുത്തും ഹന്നയ്ക്ക് വളരെ ഇഷ്ടമാണ്. എല്ലാത്തിലുമുപരി ഷെയ്നിനെ വളരെയേറെ ബഹുമാനിക്കുകയും ചെയ്യുന്നു ഹന്ന. ഇരുവരും ചേർന്ന് പിന്നീട് യൂട്യൂബ് ചാനൽ തുടങ്ങുകയും ഭിന്നശേഷിയുള്ളവരും അല്ലാത്തവരും തമ്മിലുള്ള ബന്ധത്തെ പറ്റി മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. ഇരുവരുടെയും കല്യാണം വളരെ ആഘോഷത്തോടെ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് മഹാമാരി വന്നതോടെ പ്ലാനുകളെല്ലാം തെറ്റുകയും ചെയ്തു. എങ്കിലും ഇനിയും കാത്തിരിക്കാനാവാത്തതിനാൽ ഇരുവരും ലളിതമായ ചടങ്ങിൽ വിവാഹിതർ ആവുകയായിരുന്നു.
സൂം ആപ്പ് വഴിയാണ് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിവാഹം ലൈവായി കണ്ടത്. തന്റെ അമ്മ വിവാഹത്തിന് ധരിച്ചിരുന്ന അതേ ഗൗൺ ആണ് ഹന്ന വിവാഹ വസ്ത്രമായി തിരഞ്ഞെടുത്തത്. മനുഷ്യരുടെ മനസ് കണ്ടാണ് സ്നേഹിക്കേണ്ടതെന്നും അവിടെ ഒരാളുടെ രൂപത്തിനോ കുറവുകൾക്കോ സ്ഥാനമില്ലെന്നും ഇരുവരും പറയുന്നു. ഭാവിയിൽ കുട്ടികളൊക്കെയായി സന്തോഷപൂർണമായ ഒരു കുടുംബ ജീവിതം നയിക്കാനൊരുങ്ങുകയാണ് ഇരുവരും.