തിരുവനന്തപുരം: ഡി വെ എഫ് ഐകാർക്ക് മാത്രമേ പീഡിപ്പിക്കാൻ പറ്റുകയുളളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന വിവാദ പരാമർശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുളത്തുപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയിൽപ്പെട്ട ആരോഗ്യപ്രവർത്തകൻ ആണെന്ന് മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ വിവാദ മറുപടി. താൻ അന്വേഷിച്ചപ്പോൾ അദ്ദേഹം കോൺഗ്രസുകാരനല്ലെന്നാണ് അറിഞ്ഞതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായി ഇന്ന് ഉച്ചയ്‌ക്ക് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ വിവാദ പരാമർശം.
അതേസമയം പരമാർശം വിവാദമായതോടെ വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തി. താൻ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് ഒരു വാചകം മാത്രം അടർത്തിയെടുത്ത്, വളച്ചൊടിച്ച് തന്നെ പരിഹസിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പത്രലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഡി വൈ എഫ് ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് താൻ മറുപടി നൽകി എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഡി വൈ എഫ് ഐക്കാർ മാത്രമല്ല, ഭരണപക്ഷ സർവ്വീസ് സംഘടനയായ എൻ ജി ഒ യൂണിയൻകാരും പീഡിപ്പിക്കുന്നുണ്ട് എന്ന അർത്ഥത്തിലാണ് താൻ പറഞ്ഞത്. തന്റെ മറുപടിയിലെ അടുത്ത വാചകങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. സ്ത്രീകൾക്കെതിരെ ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് താൻ ഉദേശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.
സി പി എം സൈബർ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതുപോലെ തന്റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇതും. കൊവിഡ് രോഗികളായ രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതിൽ നിന്ന് ശ്രദ്ധതിരിച്ച് വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇത്. നിക്ഷിപ്ത താത്‌പര്യക്കാരുടെ ആ കുതന്ത്രത്തിൽ വീണുപോകരുതെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പിൽ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതിയെ കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപാണ് തന്റെ വീട്ടിൽ വച്ച് കൊവിഡ് സർട്ടിഫിക്കറ്റ് നൽകാനായി വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കൈയ്ക്ക് ആരോഗ്യ പ്രശ്‍നങ്ങളുണ്ടായിരുന്ന യുവതിയ്ക്ക് തന്റെ പരിചയത്തിലുളള ഡോക്ടറെ കാണാൻ സഹായം ചെയ്യാമെന്നും ഇയാൾ പറഞ്ഞു. ഇതേ തുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ യുവതി ഇയാളുടെ ഭരതന്നൂരിലെ വാടകവീട്ടിലെത്തുന്നത്.
യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം നടത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. വീട്ടിൽ തനിച്ചായിരുന്ന ഇയാൾ യുവതിയെ ക്രൂരമായി മർദിക്കുകയും പിടിച്ച് തളളിയിടുകയും ചെയ്തു. കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിടുകയും വായിൽ തുണി തിരുകിക്കയറ്റുകയും ചെയ്തു. തുടർന്ന് പലതവണ ക്രൂരമായ പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതൽ പിറ്റേന്ന് രാവിലെ വരെ പീഡിപ്പിച്ചു. ഇയാൾ മദ്യലഹരിയായിരുന്നുവെന്നാണ് വിവരം.