yuviraj

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ് സിംഗ്. ക്യാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റില്‍ ടൊറന്റോ നാഷ്ണല്‍സിന് വേണ്ടി കളിച്ച താരം ആസ്‌ട്രേലിയന്‍ ലീഗായ ബിഗ് ബാഷ് ലീഗ് കളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ യുവരാജ് താല്‍പര്യം പ്രകടപ്പിച്ചതിനു പിന്നാലെ അനുയോജ്യമായ ബി ബി എല്‍ ക്ലബ് കണ്ടുപിടിക്കാന്‍ സഹായിക്കാമെന്നു ക്രിക്കറ്റ് ആസ്‌ട്രേലിയയും ഉറപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ബി ബി എല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകും യുവരാജ് സിംഗ്.


നിലവില്‍ ബി.സി.സി.ഐയുമായി കരാറുള്ള താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവാദമില്ല. എന്നാല്‍ യുവി ഇപ്പോള്‍ ബി.സി.സി.ഐയുടെ ഒരു ടൂര്‍ണമെന്റിലും മത്സരിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്ലോബല്‍ ടി20 അടക്കം കളിക്കാന്‍ സാധിച്ചത്. ഈ പരിചയസമ്പത്തുകൂടി മുന്നില്‍ കണ്ടാണ് ബിഗ് ബാഷ് ലീഗിലേക്ക് ചേക്കാറാനുള്ള തീരുമാനം.


ഇതിഹാസ താരങ്ങള്‍ പങ്കെടുത്തുകൊണ്ട് മാര്‍ച്ചില്‍ നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനു അദ്ദേഹം കളിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തോടെ മുംബൈ ഇന്ത്യന്‍സുമായും ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായുമുള്ള (ഐ.പി.എല്‍) ബന്ധവും അവസാനിപ്പിച്ചിരുന്നു. ഇന്ത്യയുടെ പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിലും രണ്ടാം ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ച താരമാണ് യുവി.

അതേസമയം ഇന്ത്യന്‍ കളിക്കാരെ ബി ബി എല്ലില്‍ ഉള്‍പ്പെടുത്തുന്നതു ലീഗിന് വലിയ പ്രോത്സാഹനമാകുമെന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവും ആസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ ഷെയ്ന്‍ വാട്‌സണ്‍ പറഞ്ഞു. കരീബിയന്‍ പ്രീമിയര്‍ ലീഗിലടക്കം മറ്റ് വിദേശ താരങ്ങള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല.