ന്യൂഡൽഹി : പബ്ജിയ്ക്ക് ഗെയിമിന്റെ അടിമയായിരുന്ന 15 കാരൻ മുത്തച്ഛന്റെ പെൻഷൻ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് 2.3 ലക്ഷം രൂപ. ഡൽഹിയിലെ തിമർപൂരിലാണ് സംഭവം. പെൻഷൻ അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതായുള്ള മെസേജ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് 65കാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് മുത്തച്ഛനെ പറ്റിച്ച് കൊച്ചുമോൻ പണം തട്ടിയെടുത്ത കാര്യം പുറംലോകം അറിയുന്നത്. അക്കൗണ്ടിൽ ശേഷിച്ചത് വെറും 275 രൂപ മാത്രമായിരുന്നു. അക്കൗണ്ടിൽ നിന്നും പേടിഎം വാലറ്റിലേക്കാണ് രണ്ട് ലക്ഷം രൂപ മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒ.ടി.പി വഴിയായിരുന്നു തുക ട്രാൻസ്ഫർ ചെയ്ത് 15 കാരൻ തട്ടിപ്പ് നടത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പങ്കജ് കുമാർ എന്ന 23 കാരന്റെ പേരിലാണ് പേടിഎം വാലറ്റ് എന്ന് കണ്ടെത്തി. 15 കാരന്റെ സുഹൃത്തായിരുന്നു പങ്കജ്. താനല്ല, തന്റെ സുഹൃത്താണ് വാലറ്റ് ഉപയോഗിച്ചതെന്ന് പങ്കജ് പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് 65 കാരന്റെ ചെറുമകൻ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. മാസങ്ങളായി ഈ തുക പബ്ജിയ്ക്കായി 15 കാരൻ ഉപയോഗിച്ച് വരികയായിരുന്നത്രെ. രണ്ട് മാസക്കാലയളവ് കൊണ്ടാണ് അക്കൗണ്ടിൽ നിന്നും 15 കാരൻ രണ്ട് ലക്ഷം രൂപ കാലിയാക്കിയത്. ഇത്രയും നാൾ പണം പിൻവലിച്ചതിന്റെ ഒ.ടി.പി മെസേജുകൾ മുത്തച്ഛന്റെ ഫോണിൽ വന്നപ്പോൾ ഡിലീറ്റ് ചെയ്ത് കളഞ്ഞത് താൻ തന്നെയാണെന്ന് 15കാരൻ സമ്മതിച്ചിട്ടുണ്ട്.