മനാമ: യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ടു ഇന്ത്യയും ബഹ്‌റൈനും തമ്മിൽ എയർ ബബിൾ കരാറിൽ ഒപ്പിട്ടു. സർവീസ് നടത്തുന്നത് സംബന്ധിച്ച ഏതാനും കാര്യങ്ങളിൽ കൂടി തീരുമാനമായാൽ കരാർ പ്രാബല്യത്തിൽ വരും. ഇത് ഏത് സമയവും ഉണ്ടാകുമെന്നാണ് സൂചന. എയർ ബബിൾ കരാർ ഒപ്പിട്ടതായി ഗൾഫ് എയർ ട്രാവൽ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. യാത്രാ നിബന്ധനകൾ സംബന്ധിച്ചും അറിയിപ്പ് നൽകിയിട്ടുണ്ട്. വിസ കാലാവധി കഴിയാറായി ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന നിരവധി പേർക്ക് ആശ്വാസ വാർത്തയാണ് ഇത്. എയർ ബബിൾ അനുസരിച്ച് ബഹ്‌റൈൻ, ജി.സി.സി പൗരന്മാർക്ക് പുറമെ റസിഡന്റ് വിസ, ഇ വിസ, മൾട്ടിപ്പിൾ എൻട്രി വിസ എന്നിവയുള്ളവർക്കും ബഹ്റൈനിലേക്ക് വരാം. ഓൺ അറൈവൽ വിസ ലഭിക്കാൻ അർഹതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും വരാം. എല്ലാ യാത്രക്കാരിൽ നിന്നും കൊവിഡ് പരിശോധനയ്ക്കായി 60 ദിനാർ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബി അവെയർ ആപ്പ് വഴിയോ വിമാനത്താവളത്തിലെ കിയോസ്കിലോ പണം അടയ്ക്കാം.