കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകനെ കണ്ണൂരിൽ വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. കണ്ണവം കൈച്ചേരിയിലാണ് സംഭവം. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ ആണ് മരിച്ചത്. വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം സലാഹുദ്ദീന്റെ കഴുത്തിൽ വെട്ടി. കഴുത്തിന് ആഴത്തിലുളള മുറിവാണുളളത്. തുടർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ സലാഹുദ്ദീൻ മരണമടഞ്ഞു. മൃതദേഹം തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
എ.ബി.വി.പി പ്രവർത്തകനായ ശ്യാമപ്രസാദിനെ 2018ൽ വധിച്ച കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. ഈ കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് ഇന്ന് വെട്ടേറ്റത്.