covid

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് 562 പേർക്കാണ് കൊവിഡ് രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചത്. ഇതിൽ 542 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ജില്ലയിൽ 389 പേർക്ക് ഇന്ന് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. ആരോഗ്യവകുപ്പ് നൽകുന്ന കണക്ക് പ്രകാരം തിരുവനന്തപുരത്ത് നിലവിൽ 4750 പേരാണ് രോഗം മൂലം ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ 18,730 പേർക്കാണ് ഇതുവരെ കൊവിഡ് രോഗബാധയുണ്ടായത്. തിരുവനന്തപുരത്ത് മരണപ്പെട്ട നാല് പേർക്ക് കൊവിഡ് രോഗബാധ ഉണ്ടായിരുന്നുവെന്ന് കാസർകോഡ് എൻ.ഐ.വി സ്ഥിരീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 30ന് മരണമടഞ്ഞ മുളയറ സ്വദേശി മഹേഷ് (44) എന്നിവർക്കാണ് രോഗബാധ ഉണ്ടായിരുന്നുവെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് മരണങ്ങളുടെ എണ്ണം 123ലേക്ക് ഉയർന്നിട്ടുണ്ട്.