ഓസ്ട്രേലിയയിൽ മെൽബണിൽ സ്ഥിതി ചെയ്യുന്ന വിശ്വപ്രസിദ്ധമായ സംഗീത നൃത്ത നാടക വേദിയാണ് പ്രിൻസസ് തിയേറ്റർ. 1857ലാണ് പ്രിൻസസ് തിയേറ്റർ പൊതുജനങ്ങൾക്കായി തുറന്നത്. ' ഫാന്റം ഒഫ് ദ ഒപ്പേറ', ' കാറ്റ്സ് ', 'ദ പ്രൊഡ്യൂസേഴ്സ് ', ' ലെസ് മിസറബിൾസ് ', ' മാമ മിയ' തുടങ്ങി നിരവധി ലോകപ്രശസ്‌ത ഒപ്പേറകൾക്ക് വേദിയായിട്ടുണ്ട് പ്രിൻസസ് തിയേറ്റർ. ഇപ്പോഴും ലോകമെമ്പാടുമുള്ള കലാകാരൻമാരുടെ ആകർഷണ കേന്ദ്രമായ പ്രിൻസസ് തിയേറ്ററിനെ ചുറ്റിപ്പറ്റി രസകരമായ ഒരു കഥയുണ്ട്.
' ഫെഡറിസി ' എന്ന നടന്റെ പ്രേതത്തെ പറ്റിയാണ് അത്. 1988 മാർച്ച് 3ന് രാത്രി തിയേറ്ററിൽ ഒരു ഒപ്പേറ അരങ്ങേറുകയായിരുന്നു. ജർമ്മൻ നാടോടി കഥകളിലെ ദുഷ്‌ടനായ മെഫിസ്റ്റോഫിലീസ് എന്ന കഥാപാത്രം നരകത്തിലെ തീച്ചൂളയിലേക്ക് പതിക്കുന്നതായിരുന്നു അവസാന സീൻ. ഇതിനായി സ്റ്റേജിൽ ഒരു ട്രാപ്പ് ഡോർ ഒരുക്കിയിരുന്നു. നടൻ ഇത് വഴി തിയേറ്ററിന്റെ ബേസ്‌മെന്റിൽ എത്തും. ഫ്രെഡറിക് ഫെഡറിസിയായിരുന്നു ആ വേഷം അവതരിപ്പിച്ചത്. ക്ലൈമാക്‌സ് സീനിൽ മെഫിസ്റ്റോഫിലീസ് നരകത്തിലെ തീയിലേക്ക് പതിച്ചു. എന്നാൽ ട്രാപ്പ് ഡോർ വഴി താഴേക്ക് പതിക്കവെ ഫെഡറിസിയ്‌ക്ക് ഹൃദയസ്‌തംഭനം ഉണ്ടായി. അപകടം അറിഞ്ഞ അണിയറ പ്രവർത്തകർ ഫെഡറിസിയെ ബേസ്‌മെന്റിൽ നിന്നും പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഇതിനകം തന്നെ സ്റ്റേജിൽ ഒപ്പേറ അവസാനിച്ചു. അഭിനേതാക്കളെല്ലാം സദസിനെ വണങ്ങി സ്റ്റേജിന് പുറകിൽ തിരിച്ചെത്തിയപ്പോഴാണ് ഫെഡറിസിയുടെ മരണം അറിയുന്നത്. എന്നാൽ സദസിനെ വണങ്ങുമ്പോൾ ഫെഡറിസി തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അഭിനേതാക്കൾ ഞെട്ടലോടെ പറഞ്ഞു. സദസിലിരുന്നവരും ഫെഡറിസിയെ കണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു! അന്നു മുതലാണ് ഫെഡറിസിയുടെ പ്രേതത്തിന്റെ കഥ പ്രചരിക്കാൻ തുടങ്ങിയത്. മരിക്കുമ്പോൾ വെറും 38 വയസായിരുന്നു ഫെഡറിസിയുടെ പ്രായം.
ഫെഡറിസിയോടുള്ള ആദരസൂചകമായി കുറേ വർഷം ബാൽക്കണിയുടെ താഴെത്തെ നിലയിലെ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു. ഫെഡറിസിയുടെ പ്രേതത്തെ ഗാലറിയിലും തിയേറ്ററിന്റെ ഇടനാഴികളിലും കണ്ടതായി ചിലർ അവകാശപ്പെട്ടു. തിയേറ്ററിലുള്ള എല്ലാവരും ഫെഡറിസിയുടെ പ്രേതം അവിടെ ഉണ്ടെന്നാണ് പറയുന്നത്. പക്ഷേ, തിയേറ്ററിൽ നിന്നും ഫെഡറിസിയുടെ പ്രേതത്തെ ഒഴിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. തന്റെ പ്രിയപ്പെട്ട തിയേറ്ററിനെ വിട്ട് പോകാത്ത ഫെഡറിസിയുടെ പ്രേതം ആരെയും ശല്യപ്പെടുത്തിയിട്ടില്ലെന്നാണ് ചില കലാകാരൻമാർ പറയുന്നത്.