meena

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചുനിന്ന് അഭിപ്രായ ഐക്യമുണ്ടാക്കിയാൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകുമോ? ഉണ്ടെന്നും ഇല്ലെന്നുമുള്ള രണ്ടഭിപ്രായങ്ങൾ ഉയരുമ്പോഴും ഇക്കാര്യത്തിൽ സമവായമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കൊവിഡ് വ്യാപനം രൂക്ഷമായതുമാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് കുറച്ചു മാസങ്ങൾ മാത്രം ഉള്ളതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾ എത്തുന്നത്.

പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാംമീണ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുമെന്ന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ കരുതിയിരിക്കുമ്പോഴാണ് നവംബറിൽ രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ കുട്ടനാടിനെയും ചവറയേയും ഉൾപ്പെടുത്തിയത്. അതോടെ രാഷ്ട്രീയ രംഗം ചൂടുപിടിച്ചു. സ്ഥാനാർത്ഥി ചർച്ചയും സജീവമായി. അതിനിടെയാണ് ഉപതിരഞ്ഞെുടുപ്പുകൾ ഇനി നടത്തേണ്ടതില്ലെന്ന അഭിപ്രായവും രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഉയരുന്നത്.

കത്തിന് പുറമെ രണ്ട് തവണ നടന്ന വീഡിയോ കോൺഫറൻസിലും കൊവിഡിന്റെ പശ്‌ചാത്തലത്തിൽ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടയെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടത്. കേരളത്തിനൊപ്പം പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടും പശ്ചിമ ബംഗാളും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. എന്നാൽ, ഇവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം.

തിരഞ്ഞെടുപ്പ് നടത്താൻ നിർബന്ധിതമായ കാരണങ്ങൾ

 നിയമപ്രകാരം ജനപ്രതിനിധിയുടെ ഒഴിവ് വന്നാൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. എന്നാൽ, കൊവിഡ് കാരണം അത് നടത്താനായില്ല. ഒഴിവ് നികത്തേണ്ട ഭരണഘടന ബാദ്ധ്യത തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്.

 മദ്ധ്യപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ട്. ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ കുറച്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്ക്കുന്നത് വഴി കമ്മിഷനെതിരെ ആക്ഷേപമുണ്ടാകും.

 പ്രതിസന്ധിഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷന് ശേഷിയില്ലെന്ന ആരോപണമുയരും.

ഇനി ചെയ്യാൻ പറ്റുന്നത്

അപ്രതീക്ഷിതമായി ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാർ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആറ് മാസത്തേയ്ക്ക് എം.എൽ.എയെ കണ്ടെത്താൻ വേണ്ടി മാത്രം നടത്തുന്ന തിരഞ്ഞെടുപ്പ് വലിയ പണ ചെലവാണുണ്ടാക്കുന്നത്. തിരഞ്ഞെടുപ്പ് എങ്ങനെ ഒഴിവാക്കാമെന്ന അഭിപ്രായം സർക്കാർ തേടിയതായും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ കക്ഷി നേതാക്കളും ഒപ്പിട്ട കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയാൽ അത് പരിഗണിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. അത്തരമൊരു സ്ഥിതി വിശേഷമുണ്ടായാൽ സ്വാഭാവികമായും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് കമ്മിഷൻ വിശദീകരണം തേടും. തിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്ന പഴയ നിലപാട് തിരഞ്ഞെടുപ്പ് ഓഫീസർ ആവർത്തിക്കും. അങ്ങനെവന്നാൽ, ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാനുമിടയുണ്ട്.

''

തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും തീയതി പ്രഖ്യാപിക്കാത്തതിനാൽ ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാംമീണ സൂചന നൽകി. തീയതി പ്രഖ്യാപിക്കും മുമ്പ് തിരഞ്ഞെടുപ്പ് വേണ്ടെന്ന് എല്ലാവരും ഒറ്റക്കെട്ടായി നിവേദനം നൽകിയാൽ കമ്മിഷൻ ഇക്കാര്യം ഗൗരവമായി പരിഗണിച്ചേക്കാം. ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ടെന്ന് പറയുന്നതുപോലെ തന്നെ നിലവിലെ സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതും നല്ലതാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.