ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ഇന്ത്യൻ പ്രദേശത്തിനോട് ചേർന്ന് വാളും കുന്തവുമായി നിൽക്കുന്ന ചെെനീസ് പാട്ടാളക്കാരുടെ ചിത്രങ്ങൾ പുറത്ത്. സംഘർഷങ്ങൾക്കിടയിൽ ഇന്ത്യ അതിർത്തി കടക്കാൻ ശ്രമിച്ചുവെന്നും വെടിയുതിർത്തുവെന്നും ചെെന ആരോപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവരുന്നത്. ചിത്രത്തിൽ നൂറോളം വരുന്ന ചെെനീസ് സെെനികർ കുന്തവും വാളും തോക്കുകളും കെെയ്യിലേന്തി നിൽക്കുന്നത് കാണാം. പാങ്‌ഗോംഗ് നദിയുടെ തെക്ക് ഭാഗത്തുളള ഇന്ത്യൻ പ്രദേശത്തോട് ചേർന്നാണ് ഇവർ നിലയുറപ്പിച്ചിരിക്കുന്നത്.
ഗാൽവൻ താഴ്‌വരയിൽ ജൂൺ 15ന് ഇന്ത്യൻ സെെനികരും ചെെനീസ് സെെനികരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 20 ഓളം ഇന്ത്യൻ സെെനികർ അന്ന് വീരമൃത്യുവരിച്ചിരുന്നു. സമാനമായ സ്ഥിതി അതിർത്തിൽ ചെെനീസ് സേന പ്രതീക്ഷിക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ചെെനീസ് സെെന്യം ആക്രമണത്തിനായി കുന്തം വാൾ എന്നീ ആയുധങ്ങൾ ഉപയോഗിച്ചു എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇവ. ഓരോ സെെനികനും കുന്തം വാൾ എന്നിവ കെെയിലേന്തി നിൽക്കുന്നതായി ചിത്രത്തിൽ നിന്നും വ്യക്തമാണ്.
കഴിഞ്ഞ ദിവസം അതിർത്തിയിൽ ഇരു സെെനികരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ചെെനീസ് സേന ഇന്ത്യൻ ഭാഗത്തേക്ക് കടന്നു കയറാൻ ശ്രമം നടത്തുകയും ഇന്ത്യൻ സേന അത് തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ത്യൻ സേന വെടിയുതിർത്തതാണ് സംഘർഷത്തിന് കാരണമെന്ന് ചെെന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെെനയ്ക്കെതിരായ ചിത്രങ്ങൾ പുറത്തുവന്നത്.