indian-army

ഇറ്റാനഗർ: അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ, ചൈനയിൽനിന്ന് വഴിതെറ്റിയെത്തിയ യാക്കുകളെയും കുട്ടികളെയും തിരിച്ചുനൽകി മാതൃകയായി ഇന്ത്യൻ സൈന്യം. മനുഷ്യത്വപരമായ നടപടിയെന്ന നിലയിലാണ് മൃഗങ്ങളെ കൈമാറിയതെന്നും അതിന് ചൈനീസ് ഉദ്യോഗസ്ഥർ നന്ദി പറഞ്ഞെന്നും ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് ട്വീറ്റ് ചെയ്തു.

അരുണാചൽ പ്രദേശിലെ ഈസ്റ്റ് കമെങ്ങിൽ യഥാർത്ഥ നിയന്ത്രണരേഖയ്ക്കു സമീപം അലഞ്ഞുതിരിഞ്ഞിരുന്ന 13 യാക്കുകളെയും അതിന്റെ കുട്ടികളെയും ആഗസ്റ്റ് 31 നാണ് ഇന്ത്യൻ ആർമി കണ്ടെത്തിയത്. വഴിതെറ്റി അതിർത്തി കടന്നെത്തിയതായിരുന്നു ഇവ. കഴിഞ്ഞദിവസം ഇവയെ തിരികെ ചൈനയ്ക്കു കൈമാറി.

ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങൾ പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ത്യൻ സൈന്യത്തിന്റെ സൗഹാർദ്ദപരമായ നടപടി.