sanjana

ബംഗളൂരു: കന്നഡ സിനിമയിലെ 'ഹോട്ട് സ്റ്റാറാണ്' സഞ്ജന ഗൽറാണി. പക്ഷെ, മലയാളസിനിമയിലെ ഭാഗ്യനായിക നിക്കി ഗൽറാണിയുടെ സഹോദരിയായാണ് സഞ്ജന ഗൽറാണിയെ മലയാളികൾക്ക് കൂടുതൽ പരിചയം. നടിയും മോഡലുമായ സഞ്ജന മോഹൻലാൽ ചിത്രം കാസനോവയിലും മമ്മൂട്ടിയും സുരേഷ്ഗോപിയും ഒന്നിച്ച കിംഗ് ആൻഡ് കമ്മിഷണറിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ, മലയാളി മനസിൽ ഇടം കിട്ടിയില്ല.

ലഹരിമരുന്ന് കേസിൽ തന്റെ പേർ ഉയർന്നുവന്നപ്പോൾ സഞ്ജന ഗൽറാണി പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെയായിരുന്നു.

''ആളുകൾ മദ്യം കഴിക്കുന്നതും ക്ലബ്ബുകളിൽ പാർട്ടി നടത്തുന്നതും ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ അതിനപ്പുറം എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എനിക്ക് മയക്കുമരുന്നുമായി ഇടപെട്ടുള്ള അനുഭവങ്ങളുമില്ല. അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാൻ നിർബന്ധിതയാകുന്നത് വളരെ അരോചകമാണ്. ഞങ്ങളുടെ കന്നഡ ചലച്ചിത്ര വ്യവസായത്തെ ഇതിലേക്ക് വലിച്ചിഴച്ചതിൽ വളരെ സങ്കടമുണ്ട്. '-

ബംഗളുരു മയക്കുമരുന്ന് കടത്ത് കേസിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സഞ്ജനയെ അറസ്റ്റു ചെയ്തപ്പോൾ ഏറ്റവും കൂടുതൽ ട്രോളുകൾ വാങ്ങിയ പ്രസ്താവനയാണിത്. ശക്തമായ കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ മടി കാണിക്കാത്ത താരം എന്നാണ് സഞ്ജനയെ കന്നഡ സിനിമാ ലോകം വിശേഷിപ്പിച്ചിരുന്നത്.

വാരിവലിച്ച് സിനിമകൾ ചെയ്യുന്നതിനു പകരം മികച്ച കഥാപാത്രങ്ങൾ ഉള്ള ചിത്രങ്ങൾ ചെയ്താൽ മതിയെന്നതായിരുന്നു താരത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ സഹോദരി നിക്കിയെപ്പോലെ ഓടിനടന്നൊന്നും സഞ്ജന അഭിനയിച്ചിരുന്നില്ല. പരസ്യചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന സഞ്ജനയുടെ പേര് ലഹരിമരുന്ന് കേസിൽ ആദ്യം ഉയരുന്നത് താരത്തിന്റെ സുഹൃത്തും വ്യവസായിയുമായ രാഹുൽഷെട്ടിയുടെ അറസ്റ്റോടെയാണ്. സിനിമാ പാർട്ടികൾക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നത് രാഹുലാണ്. ഇതോടൊപ്പം കേസിൽ നേരത്തേ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിക്കൊപ്പം സഞ്ജന ലഹരി മരുന്ന് പാർട്ടികളിൽ പങ്കെടുത്ത ചിത്രവും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

ബോളിവുഡ് ചിത്രം മർഡറിന്റെ റീമേക്കായ 'ഗന്ധ ഹെന്ദതി" എന്ന കന്നഡ ചിത്രത്തിലൂടെ 2006ലാണ് സഞ്ജന അഭിനയരംഗത്തെത്തുന്നത്. നരസിംഹ, ഒണ്ടുക്ഷനദള്ളിൻ സാഗർ, യമഹോയമ, ബുജ്ജിഗഡു, ഹുദുഗ ഹുദുഗി, മൈലാരി, ജഗൻ നിർദോഷി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടൻ ജോൺ എബ്രഹാമിനൊപ്പം ഫാസ്ട്രാക്കിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട സഞ്ജന അമ്പതിലേറെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.