തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അടഞ്ഞ മനസാണുള്ളതെന്നും മുഖ്യമന്ത്രിയാകുമ്പോൾ അങ്ങനെ പാടില്ലെന്നും കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സ്വകാര്യ മലയാളം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി തുറന്ന മനസോടു കൂടിയായിരിക്കണം ഇരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇപ്പോഴത്തെ മുഖ്യമന്ത്രി ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും മാറില്ല. അതിൽ തന്നെ നിൽക്കും. തീരുമാനമെടുക്കുന്ന വേളയിൽ വിഷയവുമായി ബന്ധപ്പെട്ട ശരിയും തെറ്റും കണക്കിലെടുക്കണമെന്നും അങ്ങനെ ചെയ്യുന്നതിലൂടെ ജനാധിപത്യത്തിന് നാം ശക്തി പകരുകയാണ് ചെയ്യുകയെന്നും മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി പറയുന്നു.
താൻ ഇത്തരത്തിൽ നിരവധി തീരുമാനങ്ങൾ തിരുത്തിയിട്ടുണ്ടെന്നും താൻ ഏറ്റവും വേഗത്തിൽ തീരുമാനമെടുക്കണമെന്നു ആഗ്രഹിക്കുന്നയാളാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പക്ഷെ അങ്ങനെ വേഗത്തിൽ തീരുമാനമെടുക്കുമ്പോൾ ചിലപ്പോൾ ചില വശങ്ങൾ ശ്രദ്ധിക്കാൻ കഴിയാതെ വരുമെന്നും അങ്ങനെ തീരുമാനമെടുത്തിട്ട് അത് തെറ്റാണെന്ന് ബോദ്ധ്യം വരുമ്പോൾ അത് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
സോളാർ കേസ് സംബന്ധിച്ചും ഉമ്മൻ ചാണ്ടി സംസാരിക്കുകയുണ്ടായി. കേസിൽ തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ സർക്കാർ അഞ്ച് വർഷക്കാലം വെറുതെ ഇരിക്കുമായിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തനിക്കെതിരെ യാതൊന്നും കാണിക്കാനില്ല എന്നത് ഇപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ നിലപാടിൽ നിന്നുതന്നെവ്യക്തമാണെന്നും ഉമ്മൻ ചാണ്ടി പറയുന്നു.
'തെറ്റ് ചെയ്‌താൽ ശിക്ഷ ഉണ്ടാകും' എന്ന താൻ വിശ്വസിക്കുന്ന തത്വമാണ് കേസ് സംബന്ധിച്ച പ്രതിസന്ധി വന്നപ്പോൾ തന്നെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചവർക്ക് അതല്ലാതെ 'ഒരു കടലാസും' അന്വേഷണ കമ്മീഷന്റെ മുന്നിൽ ഹാജരാക്കാൻ സാധിച്ചില്ലെന്നും ഉമ്മൻ ചാണ്ടി പറയുന്നു. ഇടതുപക്ഷ സർക്കാർ ഭരണത്തിലേറിയതിനു ശേഷവും തനിക്കെതിരെയുള്ള 'മാദ്ധ്യമ ആക്ഷേപങ്ങള'ല്ലാതെ മറ്റൊന്നും അവർക്ക് പറയാനുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.