rhea-chakraborty

മുംബയ് : നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണം ബോളിവുഡിലെ പ്രമുഖ താരങ്ങളിലേക്കും നീളുന്നു. താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി നടി റിയ ചക്രബർത്തി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അന്വേഷണം പുതിയ വഴികളിലേക്ക് നീങ്ങുന്നത്. റിയയുടെയും സഹോദരൻ ഷോവിക് ചക്രബർത്തിയുടെയും വെളിപ്പെടുത്തൽ അനുസരിച്ച് ബോളിവുഡിലെ 25 പ്രമുഖരായ സെലിബ്രിറ്റികളുടെ പട്ടിക നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ തയാറാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവർക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഉടൻ തന്നെ ഇവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും റിപ്പോർട്ട് പുറത്തു വരുന്നു. മൂന്നാം തവണയും ചോദ്യം ചെയ്തതിന് ശേഷമാണ് റിയയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ബോളിവുഡ് പാർട്ടികളെ പറ്റിയും റിയ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. സുശാന്തിനൊപ്പം അഭിനയിച്ച സഹതാരങ്ങളെയും ചോദ്യം ചെയ്യും. ബോളിവുഡ് താരങ്ങളുമായി മയക്കുമരുന്ന് സംഘത്തിനുള്ള ബന്ധത്തിന്റെ തെളിവ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ റിയയുടെ ഭാഗത്ത് നിന്നും ഇതേപറ്റി നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചന.