ന്യൂഡൽഹി: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് നടി കങ്കണ റാവത്ത്. തന്റെ രക്ത പരിശോധന നടത്താനും കോൾ ലിസ്റ്റുകൾ പരിശോധിക്കാനും നടി ആവശ്യപ്പെട്ടു. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി തെളിയിച്ചാൽ മുംബയ് വിട്ടുപോകുമെന്നും കങ്കണ റാവത്ത് പറഞ്ഞു. കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും മറ്റുളളവരെ അതിനായി നിർബന്ധിച്ചിരുന്നതായും മുൻ കാമുകൻ അദ്യായൻ സുമൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. ഇതിന് മറുപടി പറയുകയായിരുന്നു കങ്കണ. തന്റെ ട്വീറ്റിലൂടെയാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്.
"മുംബയ് പൊലീസിനെയും ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെയും സഹായിക്കാൻ ഞാൻ തയ്യാറാണ്. ദയവായി എന്റെ രക്ത പരിശോധന നടത്തുക. എന്റെ കോൾ ലിസ്റ്റുകൾ പരിശോധിക്കുക, മയക്കുമരുന്ന് സംഘങ്ങളുമായി എനിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ സ്വയം തെറ്റ് ഏറ്റുപറഞ്ഞ് മുംബയിൽ നിന്നും എന്നന്നേക്കുമായി ഞാൻ പൊയ്ക്കൊളളാം." കങ്കണ റാവത്ത് ട്വിറ്റ് ചെയ്തു.
സുശാന്തിന്റെ മരണം അന്വേഷിക്കുന്നതിൽ മുംബയ് പൊലീസ് വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെതിരെ കങ്കണ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് ശിവസേനാ നേതാവ് സഞ്ജയ് കങ്കണ റാവത്തിനെതിരെ രംഗത്ത് വരികയും ഇരുവരും തമ്മിൽ പരസ്യമായി വെല്ലുവിളിയുണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കങ്കണയ്ക്കെതിരെ അന്വേഷണം നടത്തുമെന്ന് പറഞ്ഞത്.
I am more than happy to oblige @MumbaiPolice @AnilDeshmukhNCP please do my drug tests investigate my call records if you find any links to drug peddlers ever I will accept my mistake and leave Mumbai forever, looking forward to meet you 🙂 https://t.co/gs3DwcIOvP
— Kangana Ranaut (@KanganaTeam) September 8, 2020