hareesh-peradi

ഡി വെ എഫ് ഐകാർക്ക് മാത്രമേ പീഡിപ്പിക്കാൻ പറ്റു‌കയു‌ളളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദ പരാമർശത്തിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പേരടി ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ച് പോസ്റ്റിട്ടിരിക്കുന്നത്. കുളത്തുപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയിൽപ്പെട്ട ആരോഗ്യപ്രവർത്തകൻ ആണെന്ന് മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ വിവാദ മറുപടി. താൻ അന്വേഷിച്ചപ്പോൾ അദ്ദേഹം കോൺഗ്രസുകാരനല്ലെന്നാണ് അറിഞ്ഞതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു. തന്റെ പത്രസമ്മേളനത്തിൽ നിന്ന് ഒരു വാചകം മാത്രം അടർത്തിയെടുത്ത്, വളച്ചൊടിച്ച് തന്നെ പരിഹസിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്. ഡി വൈ എഫ് ഐക്കാർ മാത്രമല്ല, ഭരണപക്ഷ സർവ്വീസ് സംഘടനയായ എൻ ജി ഒ യൂണിയൻകാരും പീഡിപ്പിക്കുന്നുണ്ട് എന്ന അർത്ഥത്തിലാണ് താൻ പറഞ്ഞത്. തന്റെ മറുപടിയിലെ അടുത്ത വാചകങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവുമെന്നും സ്ത്രീകൾക്കെതിരെ ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് താൻ ഉദേശിച്ചതെന്നും ചെന്നിത്തല വിശദീകരിച്ചിരുന്നു. എന്നാൽ ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ച പേരടി കൊറോണയ്ക്ക് വാക്സിൻ വരുമെന്നും ഇത്തരക്കാർക്ക് വാക്സിൻ തിരഞ്ഞെടുപ്പിനാണെന്നും പറയുന്നു.

 ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

' ഞങ്ങൾക്കും പീഡനം നടത്തണ്ടേ എന്ന പ്രഖ്യാപനം വന്ന സ്ഥിതിക്ക് രാത്രിയും പകലുമില്ലാതെ വാതിലൊക്കെ കുറ്റിയിട്ട് കെടന്നോളി മക്കളെ ... മാനം പോയിട്ട് പിന്നെ പിണറായി രാജിവെക്കണം എന്നും പറഞ്ഞ് മോങ്ങരുത് ... കൊറോണക്ക് വാക്സിൻ വരും...എന്നാ ഇമ്മാതിരി ഐറ്റമസിനൊക്കള്ളെ വാക്സിൻ തിരഞ്ഞടെപ്പിനാണ് ട്ടോ..മറക്കണ്ട...സ്ഥിരം പിണറായി വിരുദ്ധരുടെ പോസ്റ്റുകൾ വരാൻ കുറച്ച് നേരം വൈകും...അത് വന്നാൽ ഓര് ഏല്ലാം ഇപ്പം ശര്യാക്കിതരും...മൊയ്തീനെ ...ആ പഴേ സ്പേനറിങ്ങട്ട് ടക്ക് ... '