bineesh-kodiyeri

കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് സമന്‍സ് അയച്ചത്. മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരി ബിസിനസ് നടത്തുന്നതിനായി സാമ്പത്തിക സഹായം നല്‍കിയിരുന്നതായി ഇയാൾ മൊഴി നൽകിയിരുന്നു. ഇരുവരും പലതവണ ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ബിനീഷ് കോടിയേരിക്ക് സമന്‍സ് അയച്ചത്.

ബിനീഷ് കോടിയേരിയുടെ ബംഗളൂരു ആസ്ഥാനമായുളള ബി കാപ്പിറ്റല്‍ എന്ന ഫൈനാന്‍സ് കമ്പനി വഴിയാണ് അനൂപിന് പണം ലഭിച്ചിരുന്നത്. ഈ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടൽ ആരംഭിച്ചതെന്നും ഈ ഹോട്ടലിന്റെ മറവിലാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നും നാര്‍ക്കോട്ടിക് സംഘം കണ്ടെത്തിയിരുന്നു. അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പും ബിനീഷുമായി ടെലഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഓഗസ്റ്റ് ഒന്നിനും 19നുമിടയില്‍ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും പലതവണ ഫോണില്‍ സംസാരിച്ചതിന്റെ കോള്‍ ലിസ്റ്റുകളും നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ ബിനീഷിന്റെ ബന്ധം അന്വേഷിക്കുന്നതിനാണ് സമന്‍സ് അയച്ചിരിക്കുന്നത്. ബിനീഷ് കോടിയേരിക്ക് കേസിൽ ബന്ധം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സി.പി.എമ്മിനെതിരെ രംഗത്ത് വന്നിരുന്നു. കേസിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഇതിനൊപ്പം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ എൻഫോഴ്സ്മെന്റെ ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുക. ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുക. ഇതിനായി നാളെ ഹാജരാകാനും നിർദേശിച്ചു.