madrasa-teacher

കണ്ണൂർ: ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുട്ടികളിൽ നിന്നും പണവും സ്വർണവും അപഹരിച്ച മദ്രസ അദ്ധ്യാപകൻ പൊലീസ് പിടിയിൽ. കണ്ണൂർ ഉളിക്കലിലുള്ള മദ്രസയിലെ അദ്ധ്യാപകനായ 50 വയസുകാരനായ അബ്ദുൾ കരീം ആണ് പിടിയിലായത്. സ്വർഗത്തിൽ പോകാൻ ആഗ്രഹമുണ്ടെങ്കിൽ പണവും സ്വർണവും ദാനം ചെയ്യണം എന്ന് ഇയാൾ കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

ശേഷം ഇയാൾ പറഞ്ഞതനുസരിച്ച് പ്രവർത്തിച്ച കുട്ടികളോട് സ്വർണം വീട്ടിൽ നിന്ന് എടുത്ത് നൽകിയ കാര്യം പുറത്ത് പറഞ്ഞാൽ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ച ഒരു പെൺകുട്ടിയുടെ വീട്ടുകാർ മാല പോയത് കണ്ടെത്തിയതോടെ അവിടെയും തട്ടിപ്പുമായി അബ്‌ദുൾ കരീം എത്തി.

മകളുടെ ശരീരത്തിൽ ജിന്ന് ബാധിച്ചിട്ടുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞ പ്രതി ബാധ ഒഴിപ്പിച്ചാൽ സ്വർണ്ണം തിരികെ ലഭിക്കുമെന്നും അവരെ വിശ്വസിപ്പിച്ചു. തുടർന്ന് രാത്രി ഒഴിപ്പിക്കൽ ചടങ്ങ് നടത്തി രണ്ടര പവന്റെ സ്വർണ്ണ മാല തിരികെ കൊടുക്കുകയായിരുന്നു.

സംഭവം നാട്ടിൽ പ്രചരിച്ചതോടെ മദ്രസയിൽ പോകുന്ന മറ്റ് കുട്ടികളുടേയും വീടുകളിൽ നിന്നും സ്വർണം നഷ്ടമായ വിവരം പുറത്ത് വരികയും നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിലുള്ള മദ്രസ അദ്ധ്യാപകന്റെ പങ്ക് പുറത്തറിഞ്ഞത്. മതിയായ യോഗ്യതയില്ലാതെയാണ് ഇയാൾ മദ്രസയിൽ പഠിപ്പിച്ച് കൊണ്ടിരുന്നതെന്നും കുട്ടികളിൽ ഒരാളെ ഇയാൾ ലൈംഗിക പീഡനത്തിന ഇരയാക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.