ന്യൂഡൽഹി: രാജ്യത്ത് സ്‌കൂളുകൾ തുറക്കാൻ അനുമതിയുമായി കേന്ദ്ര സർക്കാർ. സെപ്തംബർ 21 മുതൽ രാജ്യത്തെ ഒൻപത് മുതൽ 12 വരെയുള്ള ക്‌ളാസുകൾക്ക് തുറന്നു പ്രവർത്തിക്കാം എന്നാണു കേന്ദ്രം പറഞ്ഞിരിക്കുന്നത്. കേന്ദ്ര ആരോഗ്യ/ കുടുംബക്ഷേമ വകുപ്പാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗനിർദേശങ്ങളും(സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ) കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും കൊവിഡ് രോഗ പ്രതിരോധ മാർഗങ്ങളുമായി കൃത്യമായി സഹകരിക്കേണ്ടതാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്‌കൂളുകളിലെ അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ഈ മാർഗനിർദേശങ്ങൾ എല്ലാ സമയവും പാലിക്കേണ്ടതാണെന്നും കേന്ദ്രം അറിയിപ്പിൽ വ്യക്തമാക്കുന്നു.
#IndiaFightsCorona
Health Ministry issues SOP for partial reopening of Schools for students of 9th-12th classes on a voluntary basis, for taking
guidance from their teachers in the context of #COVID19.https://t.co/i1I8pPwXyT pic.twitter.com/6c9datyVOC— Ministry of Health (@MoHFW_INDIA) September 8, 2020
സ്‌കൂളുകളിൽ എത്തുന്നവർ കുറഞ്ഞത് ആറടിയെങ്കിലും പരസ്പരം അകലം പാലിക്കണമെന്നും മാസ്കും ഉപയോഗിക്കണമെന്നും കേന്ദ്രം നിഷ്കർഷിക്കുന്നുണ്ട്. 40 മുതൽ 60 സെക്കൻഡുകൾ വരെ കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതുണ്ട്. കഴിയുമ്പോഴെല്ലാം, ആൽക്കഹോൾ അടിസ്ഥാനമായ സാനിടൈസറുകൾ ഉപയോഗിക്കണം. 20 സെക്കൻഡ് നേരത്തേക്കെങ്കിലും ഇത് കൈകളിൽ പുരട്ടണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടോ, മടക്കിയ കൈമുട്ട് കൊണ്ടോ വായ മറയ്ക്കണം. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായ മറയ്ക്കുന്നതിനായി ടിഷ്യു ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് കൃത്യമായി ചവറ്റുകുട്ടകളിൽ നിക്ഷേപിക്കണം. എല്ലാവരും പരസ്പരം ആരോഗ്യ കാര്യങ്ങളിൽ കൃത്യമായ ശ്രദ്ധയും സൂക്ഷ്മതയും പാലിക്കണം. സ്വയമോ മറ്റുള്ളവർക്കോ അസുഖങ്ങൾ ഉള്ളതായി കണ്ടാൽ ഒട്ടും താമസിയാതെ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്. തുപ്പുന്നത് പൂർണമായും വിലക്കുക. ആരോഗ്യ സേതു ആപ്പിന്റെ ഇൻസ്റ്റലേഷനും ഉപയോഗവും കഴിയുംവിധം നടപ്പാക്കുക. മന്ത്രാലയം പറയുന്നു.