pic

വാഷിംഗ്ടൺ: അമേരിക്കയിൽ തിരഞ്ഞെടുപ്പ് ചൂട് ഏറിവരികയാണ്. വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രസിഡന്റ് ട്രംപും പ്രസിഡന്റ് ആകാൻ കച്ചകെട്ടി മുൻ വെെസ് പ്രസിഡന്റ് ജോ ബിഡനും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ലോകം അമേരിക്കയിലേക്ക് ഉറ്റുനോക്കുകയാണ്. ആര് അടുത്ത പ്രസിഡന്റ് ആകുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. എന്നാൽ ഇവരിൽ ആര് പ്രസിഡന്റ് ആയാലാണ് ഇന്ത്യയ്ക്ക് നേട്ടമുണ്ടാവുക എന്നാണ് ഓരോ ഇന്ത്യക്കാരനും ചിന്തിക്കുക. ഇരു നേതാക്കളുടെയും ഇന്ത്യയോടുളള സമീപനം ഒന്ന് വിലയിരുത്തിയാൽ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാകും.

ജോ ബിഡൻ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ സ്വപ്നം എന്നത് ലോകത്തിലെ ഏറ്റവും അടുത്ത രണ്ട് രാജ്യങ്ങൾ ഇന്ത്യയും അമേരിക്കയും ആകണമെന്നാണ്. 1998ൽ ആണവ പരീക്ഷണം നടത്തിയതിന്റെ പേരിൽ ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം നീക്കണമെന്ന് ആവശ്യപ്പെട്ട് 2001ൽ ജോ ബിഡൻ പ്രസിഡന്റ് ജോർജ് ബുഷിന് കത്തയച്ചിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്ന പരിഹാരങ്ങൾക്ക് പ്രധാന പങ്കുവഹിച്ച ആളാണ് ജോ ബിഡൻ. സെനറ്റിൽ ഉൾപ്പെടെ ഇന്ത്യയ്ക്ക് അനുകൂല നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട് അദ്ദേഹം. ഭീകരവാദമുൾപ്പെടെയുളള വിഷയങ്ങൾക്കെതിരെ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും 2013ലെ ഇന്ത്യൻ സന്ദർശന വേളയിൽ ജോ ബിഡൻ പറഞ്ഞിരുന്നു. ഇതിനാൽ തന്നെ ജോ ബിഡൻ പ്രസിഡന്റായാൽ രാജ്യത്തിന് ഏറെ നേട്ടങ്ങളുണ്ടാകാനാണ് സാദ്ധ്യത. പോൾ അടിസ്ഥാനത്തിൽ നിലവിൽ ഏഴ് മുതൽ പത്ത് ശതമാനം വിജയ സാദ്ധ്യതയാണ് ബിഡനുളളത്. എന്നാൽ ഏത് നിമിഷവും മാറിമറിഞ്ഞേക്കാവുന്ന രാഷ്‌ട്രീയ സാഹചര്യമാണ് അമേരിക്കയിലുളളത്. ഇന്ത്യയിൽ സി.എ.എയും ആസാമിൽ എൻ.സി.ആറും നടപ്പിലാക്കിയത് തന്നെ നിരാശപ്പെടുത്തിയെന്ന് ജോ ബിഡൻ നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്.

അതേസമയം ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ല സൗഹൃദം ഇന്ത്യയ്ക്ക് കൂടുതൽ നേട്ടം നൽകുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ട്രംപ് ജയിച്ചാലും ബിഡൻ ജയിച്ചാലും ഇന്ത്യയ്ക്ക് നേട്ടമുണ്ടാകാനാണ് സാദ്ധ്യത.