കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയുടെ ബന്ധുവായ സീരിയൽ നടിയെ ചോദ്യം ചെയ്തു. പ്രതി ഹാരിസിന്റെ സഹോദരന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിനെയാണ് കൊട്ടിയം പൊലീസ് ചോദ്യം ചെയ്തത്. അതിനൊപ്പം റംസിയുടെ മരണത്തില്‍ കുടുംബം ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
റംസി ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുമ്പായി ഹാരിസിന്റെ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. യുവാവ് വിവാഹത്തില്‍ നിന്നു പിന്‍മാറിയതിന് കാരണം കുടുംബത്തിന്റെ പ്രേരണമൂലമാണെന്നും ഇതിനാൽ ഇവർക്കെതിരെ കേസെടുക്കണമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. അതേസമയം കേസിൽ ഹാരിസിന്റെ സഹോദരന്റെയും ഭാര്യയുടെയും മൊഴി എടുത്തു. ലക്ഷ്മി പ്രമോദിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മാതാപിതാക്കളില്‍ നിന്നും മൊഴിയെടുക്കുമെന്നും കൊട്ടിയം പൊലീസ് പറഞ്ഞു. അടുത്ത ദിവസം കൊട്ടിയം പൊലീസ് ഹാരിസിനെ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് റംസി തൂങ്ങിമരിച്ചത്.