-kodiyeri-

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകത്തിലെ ഗൂഡാലോചനക്കാരെ മുഴുവൻ പുറത്തുകൊണ്ടുവരാൻ കേരളാ പൊലീസിന് കഴിയുമെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.

ഇത്തരം കൊലക്കേസുകൾ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സി ബി ഐയേക്കാൾ മികവ്‌ കേരള പൊലീസിനുണ്ടെന്നും കോടിയേരി പറഞ്ഞു. കൊലപാതകത്തിന്‌ അറസ്റ്റിലായവർ കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളോ പ്രവർത്തകരോ ആണ്‌. കേസിൽ പ്രതികളായി വരാൻ സാദ്ധ്യതയുള്ള കോൺഗ്രസ്‌ നേതാക്കളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്‌ സി ബി ഐ അന്വേഷിക്കുക എന്ന ആവശ്യം കെ പി സി സിയും പ്രതിപക്ഷവും ഉന്നയിക്കുന്നത്‌.

രക്തസാക്ഷികളെ വ്യക്തിഹത്യചെയ്‌തും കൊലപാതകത്തെ വക്രീകരിച്ചും പ്രതികളെ രക്ഷിക്കാനുള്ള തരംതാണ പ്രവർത്തനമാണ്‌ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കോൺഗ്രസ്‌ നേതാക്കൾ നടത്തുന്നത്‌. ഇതിനു പുറമെ മഹിളാ കോൺഗ്രസ് നേതാവിന്റെ വീട്‌ മകനെക്കൊണ്ട്‌ അർദ്ധരാത്രി കല്ലെറിഞ്ഞ്‌ ഗ്ലാസ്‌ തകർത്ത്‌ ‘മാർക്‌സിസ്റ്റ്‌ ആക്രമണ’ വ്യാജകഥ സൃഷ്ടിച്ചെന്നും കോടിയേരി അഭിപ്രായപ്പെട്ടു.