കൊച്ചി: പന്തീരാങ്കാവ് യു എ പി എ കേസിൽ റിമാൻഡിൽ കഴിയുന്ന അലൻ ഷുഹൈബും, താഹ ഫസലും സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊച്ചി എൻ ഐ എ കോടതി ഇന്ന് വിധി പറയും. എൻ ഐ എ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നുമായിരുന്നു ഇരുവരും കോടതിയെ അറിയിച്ചത്.
എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻ ഐ എ വാദം. കഴിഞ്ഞ നവംബർ രണ്ടിനാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയിൽ പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ യു എ പി എ ചുമത്തിയത്. തുടർന്ന് കേസ് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു.