കണ്ണൂർ: ഇന്നലെ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. തലശേരി ജനറൽ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ, ആംബുലൻസ് ഡ്രൈവർ, പൊലീസുകാർ ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
എ.ബി.വി.പി നേതാവ് ശ്യാമപ്രസാദിനെ വധിച്ച കേസിൽ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദീൻ. കൊലയ‌്‌ക്ക് പിന്നിൽ ബി.ജെ.പിയാണെന്നാണ് എസ്.ഡി.പി.ഐയുടെ ആരോപണം. സഹോദരിമാർക്കൊപ്പം കാറിൽ കൂത്തുപറമ്പിൽ നിന്നും കണ്ണവത്തെ വീട്ടിലേക്ക് പോവുകയായിരുന്നു സലാഹുദീൻ. ചുണ്ടയിൽ വച്ച് ഇവരുടെ കാറിന് പിന്നിൽ ഒരു ബൈക്ക് ഇടിക്കുകയും ബൈക്ക് യാത്രക്കാരായ രണ്ട് പേർ റോഡിലേക്ക് വീഴുകയും ചെയ്തു. ഇതേതുടർന്ന് കാർ നിർത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ഈ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ് റോഡിൽ വീണ സലാഹുദ്ദീനെ റോഡിനരികിലേക്ക് വലിച്ചിട്ട ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.
ഒപ്പമുണ്ടായിരുന്ന സഹോദരിമാരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.