ലോകത്താകമാനമുള്ള വിശ്വകർമ്മജർ ലോകസ്രഷ്ടാവായ ഭഗവാൻ വിശ്വകർമ്മാവിനെ പൂജിച്ചും വിജ്ഞാനസദസുകൾ സംഘടിപ്പിച്ചും വാഴ്ത്തിസ്തുതിക്കുന്ന പുണ്യദിനമാണ് സെപ്തംബർ 17. ഇൗ ദിനം ഭാരതത്തി​ൽ ചില സംഘടനകൾ തൊഴിൽ ദിനമായി ആചരിക്കുമ്പോൾ വിശ്വകർമ്മജർ വിശ്വകർമ്മ ജയന്തിയായും ആഘോഷിച്ചുപോരുന്നു. എന്താണ് വിശ്വകർമ്മദിനത്തിന്റെ പ്രസക്തിയെന്നത് വേദമന്ത്രങ്ങളിലും ശ്രുതികളിലും സ്മൃതികളിലും നിറഞ്ഞുനിൽക്കുന്ന മന്ത്രസംഹിതകൾ കാട്ടിത്തരുന്നു.

യഥാർത്ഥത്തിൽ വിശ്വകർമ്മദിനം, ഭാരതീയ സനാതനധർമ്മത്തിന്റെ സത്യം തുറന്നു കാട്ടുന്ന പുണ്യതിഥിയാകുന്നു. അത് ആരംഭിക്കുന്നത് ഋഷിപഞ്ചമിയെന്ന ആഘോഷവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണ്.

വിശ്വാത്മാവായ സദാശിവ വിശ്വകർമ്മ പെരുമാളാണ് ഇൗ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും സൃഷ്ടിച്ചതെന്നും സർവ്വ ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവാത്മാവും പരമാത്മാവെന്നും വേദോപനിഷത്തുകൾ പറഞ്ഞുതരുന്നു. സർവ്വവേദങ്ങളും വിളംബരപ്പെടുത്തുന്നത് ദൈവം ഏകമെന്നാണ്. ഭാരതീയമതമനുസരിച്ച് വേദങ്ങൾ അഞ്ചാണ്.

വിശ്വകർമ്മഭഗവാന്റെ പഞ്ചമുഖങ്ങളിൽനിന്നും പ്രകാശിതമായ അഞ്ച് വേദങ്ങൾ പഞ്ചപുത്രന്മാരായ അഞ്ച് ഋഷീശ്വരന്മാർക്ക് പകർന്നു നൽകിയ വേദ വിജ്ഞാനത്തിന്റെ അനുഗൃഹീത നിമിഷത്തെ പിൽക്കാലം ഋഷി പഞ്ചമി ആഘോഷമായി കൊണ്ടാടുന്നു. പഞ്ചമുഖനായ ഭഗവാനെ പഞ്ചമിനാളിൽ വേദവിധിപ്രകാരമുള്ള പൂജാവിധികളാൽ ആഘോഷിക്കപ്പെട്ടു വന്നു. ആചാര്യമത സ്ഥാപകരായ ഭാരതീയ സനാതനധർമ്മത്തിന്റെ നേരവകാശികളായ വിശ്വകർമ്മജർ വേദപാരായണങ്ങളാൽ ബീഹാറിലെ വിശ്വകർമ്മക്ഷേത്രത്തിൽ ഭാദ്രപദ മാസത്തിലെ പഞ്ചമിനാളിൽ ഭക്തി നിർഭരമായി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

എന്നാൽ ഭാരതീയ ആദിവേദകാല ചരിത്രകാലഘട്ടം അവലോകനം ചെയ്യുമ്പോൾ ഇൗ ദിനം പരുഷ്ണിനദിയുടെ തീരത്ത് വിശ്വകർമ്മവംശജരും അന്നത്തെ ഭരണാധികാരിയായിരുന്ന ദിവോദാസനുമായുള്ള യുദ്ധവും ആ യുദ്ധത്തിൽ വധിക്കപ്പെട്ട് ആയിരക്കണക്കിന് വിശ്വബ്രാഹ്മണരും രക്ഷപ്പെട്ട മറ്റ് വേദാധികാരികൾ വിവിധ രാജ്യങ്ങളിലേക്ക് വിശ്വകർമ്മജർക്ക് അവകാശപ്പെട്ട വേദങ്ങളും മന്ത്രതന്ത്രങ്ങളുടെയും നിർമ്മാണകലകളുടെ അനഘഗ്രന്ഥങ്ങളുമായി പലായനം ചെയ്ത ദുർദിനത്തിന്റെ ഓർമ്മപ്പെടുത്തലായും അറിയപ്പെടുന്നു.

ബ്രഹ്മജ്ഞന്മാർ വിവിധ മൂർത്തികളായി ആരാധിക്കുന്ന സകലദേവതകളും ഏകമായ വിശ്വബ്രഹ്മത്തിന്റെ സ്വരൂപങ്ങളാണ്. സ്ത്രീപുരുഷ യോഗത്തിന്റെ പരപീഠങ്ങളായി ബ്രഹ്മ - സരസ്വതി, വിഷ്ണു- ലക്ഷ്മി, ശിവ - പാർവ്വതി സംഗമങ്ങളെ തിരിച്ചറിയിപ്പിക്കുന്നതും വേദജ്ഞാനമാണ്.

വി​ശ്വഗുരുവായ ഭഗവാന്റെ പാദാരവി​ന്ദങ്ങളി​ൽ വി​ശ്വവന്ദനം നൽകുന്ന പുണ്യദി​നം. പ്രണവസ്വരൂപനായ വി​ശ്വകർമ്മഭഗവാന്റെ പീതാംബരവസനകളേബരം ആപാദചൂഡം നമി​ച്ച് സർവ്വ വി​ഘ്നമോക്ഷ പ്രാപ്തി​ നേടുന്നതി​നുള്ള പുണ്യദി​നമാകട്ടെ ഇൗ സുദി​നം.