bineesh-kodiyeri

കൊച്ചി: കൊച്ചിയിലെ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായി. പതിനൊന്ന് മണിയ്‌ക്കാണ് ഹാജരാകാൻ പറഞ്ഞിരുന്നതെങ്കിലും ഒന്നര മണിക്കൂർ നേരത്തെ ബിനീഷ് എത്തുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.

ഹവാല - ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാവും ചോദ്യം ചെയ്യൽ. 2015ന് ശേഷം രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാൽ കമ്പനികൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. അനധികൃത ഇടപാടുകൾ നടത്തുന്നതിന് വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. അവയുടെ ലൈസൻസും മറ്റും റദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകൾ ഈ കമ്പനികളുടെ മറവിൽ നടത്തിയെന്നെല്ലാം എൻഫോഴ്‌സ്‌മെന്റ് ബിനീഷിനോട് ചോദിച്ചറിയും.

മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ് നൽകിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനൂപിന് സാമ്പത്തിക സഹായം നൽകിയത് സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തുവന്നിരുന്നു. ഇതോടെ ബിനീഷിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്‌ലീഗും ബി.ജെ.പിയും അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്‌തിരുന്നു.