ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുളള അതിർത്തിപ്രശ്നത്തിൽ ഇടപെടാനുളള സാദ്ധ്യത തളളി റഷ്യ . പ്രശ്നങ്ങൾ ഇരുരാജ്യങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കണം എന്നതാണ് റഷ്യൻ നിലപാട്. പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് റഷ്യ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയും ചൈനയും ആവശ്യപ്പെടുന്നില്ലെങ്കിൽ റഷ്യ ഒരു മദ്ധ്യസ്ഥന്റെ റോൾ എടുക്കാനുളള സാദ്ധ്യത തീരെയില്ലെന്നാണ് ഇന്ത്യയിലെ റഷ്യൻ എംബസിയുടെ ഉപമേധാവി റോമൻ ബാബുഷ്കിൻ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുളള തർക്കത്തിൽ റഷ്യ ഇടപെടുന്നില്ലെങ്കിലും അതിനുവേണ്ടിയുളള ക്രിയാത്മക അന്തരീക്ഷം ഒരുക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിൽ ചൈനയുടെ പ്രകോപനമുണ്ടായതിന് തൊട്ടുപിന്നാലെയായിരുന്നു റഷ്യയുടെ പ്രതികരണം.അതിർത്തിപ്രശ്നത്തിൽ ഇടപെടില്ലെന്നായിരുന്നു റഷ്യയുടെ മുൻ നിലപാടും.
അതിനിടെ ഷാങ്ഹായ് സഹകരണ സംഘടനയുടെ(എസ് സി ഒ) യോഗത്തിൽ പങ്കെടുക്കാൻ മോസ്കോയിലേക്ക് പുറപ്പെട്ട റഷ്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയുമായി നാളെ ചർച്ച നടത്തും. അതിർത്തി പ്രശ്നങ്ങൾ ഉൾപ്പടെ ചർച്ചചെയ്തേക്കും എന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ മൂന്ന് ദിവസം മുമ്പ് റഷ്യയിൽ സമാധാന ചർച്ച നടത്തിയിരുന്നു. അതിന് ഒരു വിലയും കൽപ്പിക്കാതെയായിരുന്നു ഇന്നലെ ചൈന അതിർത്തിയിൽ പ്രശ്നമുണ്ടാക്കിയത്.
യഥാർത്ഥ നിയന്ത്രണ രേഖയിൽ നാൽപ്പത്തഞ്ച് വർഷമായി നിലനിന്ന വെടിനിറുത്തൽ ലംഘിച്ച് തിങ്കളാഴ്ച രാത്രി പാംഗോങ്ങിൽ ഇന്ത്യൻ സൈനികർക്ക് താക്കീതായി ആകാശത്തേക്ക് വെടിവച്ചതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. മറുപടിയായി ആകാശത്തേക്ക് വെടിവച്ചെങ്കിലും ഇന്ത്യൻ സേന സംയമനം പാലിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ഗുരുംഗ്-രാസാംഗലാ മലനിരകൾക്കിടയിൽ പട്രോളിംഗ് നടത്തിയ അമ്പതോളം ചൈനീസ് സൈനികർ നിയന്ത്രണ രേഖ ലംഘിച്ച് മുഖ്പാരിയിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് അടുത്തേക്ക് കുതിച്ചു. ഇന്ത്യൻ സൈനികർ അവരെ തിരിച്ചോടിച്ചു. തുടർന്നായിരുന്നു ചൈനീസ് വെടിവയ്പ്.
കിഴക്കൻ ലഡാക്കിലെ ചുഷൂൽ മലനിരകളിലെ സൈനിക പോസ്റ്റുകൾ പിടിക്കാൻ തിങ്കളാഴ്ച നടത്തിയ ശ്രമവും ഇന്ത്യ പരാജയപ്പെടുത്തിയതിനെ തുടർന്നാണ് ചൈനീസ് സൈനികർ വെടിവച്ചത്. ഓഗസ്റ്റ് 29, 30 തീയതികളിൽ ചൈനയുടെ സമാന നീക്കവും ഇന്ത്യ വിഫലമാക്കിയിരുന്നു. ആ സംഘർഷം പരിഹരിക്കാൻ കമാൻഡർമാരുടെ ചർച്ച നടക്കുമ്പോഴാണ് ചൈന തോക്കെടുത്തത്.