മുംബയ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകി റിയ ചക്രബർത്തി അറസ്‌റ്റിലായതിന് പിന്നാലെ ബോളിവുഡിലെ 25 പ്രമുഖ താരങ്ങൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം തുടങ്ങി. ഈ പട്ടികയിലെ പ്രമുഖ ബോളിവുഡിലെ നടിമാരുടെ മുൻനിരയിലുള്ള കങ്കണ റണാവത്ത് എന്നാണ് പുറത്തുവരുന്ന സൂചന. കങ്കണയ്ക്കെിതരെ മഹാരാഷ്ട്ര സർക്കാർ ലഹരിക്കേസിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. കങ്കണ ലഹരി ഉപയോഗിച്ചിരുന്നതായും അവ ഉപയോഗിക്കാൻ തന്നെ നിർബന്ധിച്ചിരുന്നതായും മുൻ കാമുകൻ അദ്ധ്യായൻ സുമൻ നടത്തിയ വെളിപ്പെടുലിന്റെ അടിസ്ഥാനത്തിലാണിത്. പ്രമുഖ നടൻ ശേഖർ സുമന്റെ മകനാണ് അദ്ധ്യായൻ.
ബോളിവുഡിലെ 90 ശതമാനം നടീനടന്മാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് കങ്കണ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ഒരുദശാബ്ദക്കാലമായി ബോളിവുഡ് മയക്കുരുന്നിന്റെ കേന്ദ്രമാണെന്ന് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയ്ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെ ചോദ്യം ചെയ്തതിൽ നിന്ന് എൻ.സി.ബിക്ക് ഇത് സംബന്ധിച്ച വ്യക്തമായ സൂചനകളും ലഭിച്ചിട്ടുണ്ട്. തുടർന്നാണ് മയക്കുമരുന്ന് ഉപയോഗിക്കുന്ന 25 പ്രമുഖ താരങ്ങളുടെ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി എൻ.സി.ബി തയ്യാറാക്കിയത്. മറ്റൊരു ലഹരിമരുന്ന് ഇടപാടുകാരനിൽ നിന്നു ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതിൽ നിന്ന് റിയയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്.
പ്രമുഖരെ ചോദ്യം ചെയ്യുന്നതിനൊപ്പം മുമ്പ് മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും അറസ്‌റ്റിലായവരെയും ചോദ്യം ചെയ്യാനും എൻ.ബി.സി തീരുമാനിച്ചിട്ടുണ്ട്. മുംബയ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തോക്ക് കൈവശം കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച സഞ്ജയ് ദത്ത് മുമ്പ് കൊക്കെയ്‌ൻ കൈവശം വച്ചതിന് അറസ്റ്റിലായിട്ടുണ്ട്.
2001ൽ കൊക്കെയ്ൻ വാങ്ങാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ബോളിവുഡ് നടൻ ഫർദീൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം തന്നെ എൻ.സി.ബിയുടെ പട്ടികയിൽ ഉണ്ടെന്നാണ് സൂചന.ചില നടീനടന്മാരുമായി അടുത്ത ബന്ധമുള്ള മയക്ക് മരുന്ന് ഇടപാടുകാരനായ ബകുൽ ചന്ദ്രയാണ് ബോളിവുഡിൽ മയക്കുമരുന്ന് എത്തിക്കുന്ന ഇടനിലക്കാരനെന്നാണ് സൂചന. ഇയാളെ 12.48 ലക്ഷത്തിന്റെ മയക്കുമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബോളിവുഡിലെ എ ക്ലാസ് താരങ്ങൾക്കെല്ലാം മയക്കുമരുന്ന് എത്തിക്കുന്നത് ബകുൽ ചന്ദ്രയാണെന്നാണ് എൻ.സി.ബിയുടെ നിഗമനം.