കൊച്ചി: എല്ലാ വഴിയും അടഞ്ഞപ്പോഴാണ് കൊച്ചി എൻഫോഴ്സ്‌മെന്റ് ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായത്. ബിനീഷ് ഇന്നു തന്നെ ഹാജരാകണമെന്ന എൻഫോഴ്‌സ്‌മെന്റിന്റെ നിർബന്ധം അദ്ദേഹത്തിന് മുന്നിലെ വഴികൾ അടച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം വേണമെന്നായിരുന്നു ബിനീഷ് എൻഫോഴ്‌സ്‌മെന്റിന്റെ മുന്നിൽ നടത്തിയ അഭ്യർത്ഥന. എന്നാൽ ദിനംപ്രതി ബിനീഷിനെതിരെ ആരോപണങ്ങളും തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കെ സാവകാശം നൽകാൻ എൻഫോഴ്‌സ്‌മെന്റ് തയ്യാറായില്ല. ബിനീഷിന്റെ അപേക്ഷ എൻഫോഴ്‌സ്‌മെന്റ് ശരവേഗത്തിൽ തന്നെ തള്ളി.
സ്വർണക്കടത്തിന് പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാവാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ബനീഷ് സാവകാശം തേടിയത്. എന്നാൽ സാവകാശം നൽകാനാവില്ലെന്ന് ഇ.ഡി അറിയിക്കുകയായിരുന്നു. ഇന്ന് തന്നെ ഹാജരാകണമെന്ന നിർദേശവും മുന്നോട്ട് വച്ചു. തുടർന്ന് ചോദ്യം ചെയ്യലിന് ഒന്നര മണിക്കൂർ മുമ്പേ ബിനീഷ് ഓഫീസിലെത്തി. പതിനൊന്ന് മണിയ്ക്ക് ഹാജരാകാനാണ് പറഞ്ഞതെങ്കിലും ഒമ്പതരയോട് അടുപ്പിച്ച് ബിനീഷ് എത്തുകയായിരുന്നു.
ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടക്കുന്നത്. തിരുവനന്തപുരത്തെ യു.എ.എഫ്.എക്‌സ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് തനിക്ക് കമ്മീഷൻ ലഭിച്ചുവെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടർമാരിലൊരാളായിട്ടുള്ള അബ്ദുൾ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്ന വിവരങ്ങൾ എൻഫോഴ്‌സ്മെന്റിന് ലഭിച്ചിട്ടുണ്ട്. ഇവർ തമ്മിൽ നടത്തിയ സാമ്പത്തിക വിവരങ്ങൾ ചോദിച്ചറിയാനാണ് ബിനീഷിനെ ഇന്ന് വിളിച്ചു വരുത്തിയിരിക്കുന്നത്.