mc-kamarudheen

കാസർകോട്: മഞ്ചേശ്വരത്ത് നിന്നും ആറു മാസം മുമ്പ് മികച്ച ഭൂരിപക്ഷത്തിന് നിയമസഭയിൽ എത്തിയ എം സി ഖമറുദ്ദീൻ എം.എൽ.എ നിരവധി വഞ്ചന കേസുകളിൽ അകപ്പെട്ടതോടെ മുഖം രക്ഷിക്കാൻ മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം ഇടപെടുന്നു. അതിന്റെ ഭാഗമായി എം.എൽ.എയെ വ്യാഴാഴ്ച പാണക്കാട്ട് എത്തിച്ചേരാൻ ലീഗ് നേതൃത്വം നിർദ്ദേശം നൽകി. പാണക്കാട്ട് എത്തി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും സംസ്ഥാന ലീഗ് രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കാൻ വീണ്ടും നിയുക്തനായ പി.കെ കുഞ്ഞാലിക്കുട്ടിയെയും കാണാനാണ് ഖമറുദ്ദീനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂവലറി നടത്തിപ്പിന് നിക്ഷേപം സ്വീകരിച്ചതിലൂടെ ഉണ്ടായ നാണക്കേട് സംബന്ധിച്ച് തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും മുമ്പാകെ എം.എൽ.എ വിശദീകരണം നൽകണം. പാർട്ടിയിൽ സംഘടനാപരമായ നടപടികൾ അതിന് ശേഷം തീരുമാനിക്കും.

പ്രശ്നം പരിഹരിച്ചു തുടർ നടപടികളിൽ നിന്നും ഒഴിവാകാനുള്ള അവസരവും നേതൃത്വം ഖമറുദ്ദീന് നൽകിയേക്കും. ഖമറുദ്ദീന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി മഞ്ചേശ്വരത്ത് ക്യാമ്പ് ചെയ്ത് ചുക്കാൻ പിടിച്ചത് പി.കെ കുഞ്ഞാലിക്കുട്ടി ആയിരുന്നു. ഇതുകാരണം അദ്ദേഹം വിഷയത്തിൽ ഗൗരവമായി ഇടപെടുന്നുണ്ട്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ പണാപഹരണ വിവാദം പാർട്ടിക്ക് ദോഷം ചെയ്തുവെന്നാണ് ഒരുവിഭാഗം ലീഗ് നേതാക്കൾ പറയുന്നത്. അതിനിടെ കാസർകോട് യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറി നില്ക്കാൻ എം.എൽ.എ യോട് നിർദേശിച്ചിട്ടുണ്ട്. പകരം മുൻമന്ത്രി സി.ടി അഹമ്മദലിയെയോ ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ളയെയോ യു ഡി എഫ് ചെയർമാൻ ആക്കുന്നതിന് നിർദ്ദേശിയ്ക്കും.

അതേസമയം നിക്ഷേപം നൽകി വഞ്ചിതരായവരിൽ ഭൂരിപക്ഷവും ലീഗ് അണികളും പ്രവർത്തകരും ആയിരുന്നിട്ടും മഞ്ചേശ്വരം എം.എൽ.എയുടെ വിഷയത്തിൽ പരസ്യപ്രതികരണം നടത്താൻ മുസ്ളീംലീഗ് നേതാക്കളാരും തയ്യാറാകുന്നുമില്ല. ലീഗിലെ പ്രമുഖരും കോൺഗ്രസ് നേതാക്കളും ഖമറുദ്ദീനെ കൈയൊഴിഞ്ഞ മട്ടാണ്‌. 'ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ' എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വഞ്ചനാ കേസുകൾ ഉയർത്തി കാണിച്ച് സി.പി.എമ്മും ബി.ജെ.പിയും എം.എൽ.എ ക്കെതിരെ പ്രക്ഷോഭം കടുപ്പിച്ചിട്ടുമുണ്ട്.