ന്യൂഡൽഹി അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ വഴിതെറ്റിയെത്തിയ യാക്കുകളെയും അവയുടെ കുട്ടികളെയും ചൈനയ്ക്ക് തിരിച്ചുനൽകി കഴിഞ്ഞദിവസം ഇന്ത്യൻ സൈന്യം കാട്ടിയ മാതൃകയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. യാക്കുകളെ കൈമാറിയതിനെ മനുഷ്യത്വപരമായ നടപടിയെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. എന്നാൽ ചാരവൃത്തിക്കായി യാക്കുകകളെ ചൈന മനഃപൂർവം അതിർത്തി കടത്തിവിട്ടതാണോ എന്നതാണ് ഇപ്പോഴത്തെ സംശയം.
ഇന്ത്യയെ തകർക്കാൻ ചൈന എന്ത് മാർഗവും സ്വീകരിക്കും എന്ന തിരിച്ചറിവാണ് ഈ സംശയത്തിന് കാരണം. നേരത്തേയും അതിർത്തി കടന്നെത്തുന്ന യാക്കുകകളെ ഇന്ത്യ കൈമാറിയിട്ടുണ്ട്. എന്നാൽ ചാരവൃത്തിക്ക് യാക്കുകളെ ഉപയോഗിച്ചെന്നതിന് ഇന്ത്യക്ക് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അരുണാചൽ പ്രദേശിലെ ഈസ്റ്റ് കമെങ്ങിൽ യഥാർത്ഥ നിയന്ത്രണരേഖയ്ക്കു സമീപം അലഞ്ഞുതിരിഞ്ഞിരുന്ന 13 യാക്കുകളെയും അതിന്റെ കുട്ടികളെയും ആഗസ്റ്റ് 31 നാണ് ഇന്ത്യൻ ആർമി കണ്ടെത്തിയത്.
മൃഗങ്ങളെയും പക്ഷികളെയും ചാരവൃത്തിക്ക് ഉപയോഗിക്കുന്നത് പണ്ടേ ഉളള രീതിയാണ്. കാലം വളർന്നതോടെ രഹസ്യങ്ങൾ ചോർത്താൻ അത്യന്താധുനിക ഉപകരണങ്ങൾ ഘടിപ്പിച്ചാണ് അവയെ മറ്റുരാജ്യങ്ങളിലേക്ക് കടത്തിവിടുന്നത്. വളരെ ചെറിയ ഉപകരണങ്ങളാണ് ഇവയുടെ ശരീരത്തിൽ പിടിപ്പിക്കുന്നത്. അതിനാൽ എളുപ്പത്തിൽ ആരുടെയും ശ്രദ്ധയിൽപ്പെടുകയും ഇല്ല. നേരത്തേ കാശ്മീരിലും മറ്റും ഇത്തരം ഉപകരണങ്ങൾ ഘടിപ്പിച്ച ചെമ്മരിയാടുകളെയും പ്രാവുകയെയും അധികൃതർ പിടിച്ചെടുത്തിയിരുന്നു. യാക്കുകളുടെ പ്രത്യേക ശരീരപ്രകൃതി കാരണം അവയുടെ ശരീരത്തിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ എളുപ്പത്തിൽ ഉപകരണങ്ങൾ പിടിപ്പിക്കാൻ കഴിയും. ഇതും സംശയത്തിന്റെ ആക്കം കൂട്ടുന്നുണ്ട്.
കഴിഞ്ഞവർഷം ഏപ്രിലിൽ നോർവേയുടെ തീരത്ത് ചാരവൃത്തിക്ക് നിയാേഗിച്ചെന്ന് കരുതുന്ന ഒരു ബെഗുല തിമിംഗലത്തെ അധികൃതർ പിടികൂടിയിരുന്നു. മനുഷ്യരുമായി ഏറെ അടുപ്പം കാട്ടുന്നവയാണ് ബെഗുല തിമിംഗലങ്ങൾ. പിടികൂടിയ തിമിംഗലത്തിന്റെ തലയിൽ സന്ദേശങ്ങൾ പിടിച്ചെടുക്കാൻ കഴിയുന്ന തരത്തിലുളള ചില ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ചാരവൃത്തിക്ക് നിയോഗിച്ചത് ആരെന്നോ എന്തുതരം ദൗത്യത്തിനാണ് അവയെ നിയോഗിച്ചതെന്നോ ഇപ്പോഴും വ്യക്തമല്ല.
സമുദ്രാന്തർഭാഗത്തുളള ഖനികളെയും റഷ്യൻ അന്തർവാഹിനികളെയും കണ്ടെത്താൻ അമേരിക്ക പ്രത്യേക പരിശീലനം നൽകിയ ഡോൾഫിനുകളെ നിയാേഗിച്ചിരുന്നു. ഇവയുടെ ശരീരത്തിൽ അടക്കം ചെയ്തിരിക്കുന്ന സെൻസറുകളിലൂടെയാണ് സന്ദേശങ്ങൾ സൈന്യത്തിന് ലഭിച്ചിരുന്നത്. പരിശീലനം നൽകിയ മറ്റ് കടൽജീവികളെയും അമേരിക്ക ഇത്തരത്തിൽ ഉപയോഗിച്ചിരുന്നു. സമുദ്രത്തിന് അടിത്തട്ടിലുളള ഖനികളുൾപ്പടെ ആക്രമിച്ച് തകർക്കാൻ സ്രാവുകളെ ഉപയോഗിക്കുന്നതിന് അമേരിക്ക പരീക്ഷണം നടത്തിയിരുന്നു എന്നുളള റിപ്പാേർട്ടുകൾ 2016ൽ പുറത്തുവന്നിരുന്നു.
ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് സോവിയറ്റ് യൂണിയന് കീഴിലുളള സ്ഥാപനങ്ങളിൽ നിന്നുളള വിവരങ്ങൾ ചോർത്താൻ അമേരിക്കൻ ചാരസംഘടനയായ സി ഐ എ പൂച്ചകളെപ്പോലും ഉപയോഗിച്ചിരുന്നു.
ഇസ്രയേൽ ചാരപ്പണിക്ക് നിയോഗിച്ചിരുന്ന ഒരുകൂട്ടം അണ്ണാൻമാരെ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപത്തുനിന്ന് ഇറാൻ പിടികൂടിയത് വലിയ വാർത്തയായിരുന്നു. ഉയരത്തിൽ നിന്ന് വൃക്തമായ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന തരത്തിലുളള ക്യാമറകൾ പിടിപ്പിച്ച കഴുകന്മാരെ ഇസ്രയേൽ അതിർത്തിയിൽ നിയോഗിച്ചിരുന്നതായി സൗദിഅറേബ്യയും നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.