ഇടുക്കി: കേരളത്തിലെ ഒരു ഗ്രാമത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന അനാചാരത്തിന് പൂട്ടിട്ട് പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതിയും. സംസ്ഥാനത്തെ അതിർത്തി ഗ്രാമമായ വട്ടവടയിലാണ് വർഷങ്ങളായി കടുത്ത ജാതി വിവേചനം നിലനിന്നിരുന്നത്. താഴ്ന്ന ജാതിയിലുള്ളവർക്ക് മുടിയും താടിയും വെട്ടാൻ ഇവിടത്തെ ബാർബർ ഷോപ്പുകളിൽ വിലക്കായിരുന്നു.
കാലങ്ങളായി ഇവിടെ ജാതി വിവേചനമുണ്ടായിരുന്നെങ്കിലും ഈ അടുത്ത കാലത്ത് മാത്രമാണ് വിഷയത്തിൽ പ്രതിഷേധമുണ്ടാകുന്നത്. ഇതുവരെ ഗ്രാമത്തിലെ വിവേചനത്തിനെതിരെ ആരും പരാതി പറയാൻ തയ്യാറായിരുന്നില്ല. തമിഴ്നാട്ടിൽ നിന്ന് കുടിയേറി വനപ്രദേശത്തോട് ചേർന്ന് താമസിക്കുന്നവരോടായിരുന്നു ബാർബർ ഷോപ്പിലെ വിവേചനം. ചക്ലിയ സമുദായത്തിൽപ്പെട്ടവരാണ് ഇവർ.
ചക്ലിയ സമുദായക്കാർ നേരിടുന്ന ജാതിവിവേചനം നേരിട്ട് മനസിലാക്കുന്നതിന് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്.) സംസ്ഥാന സെക്രട്ടറി കെ.സോമപ്രസാദ് എം.പി.യുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വട്ടവട സന്ദർശിച്ചിരുന്നു. വിവേചനം നേരിടുന്നവരിൽനിന്ന് സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒടുവിലാണ് പഞ്ചായത്തുമായി ചർച്ച നടത്തി പ്രശ്‌നപരിഹാരം തേടാൻ പട്ടികജാതി ക്ഷേമസമിതി തീരുമാനിക്കുന്നത്.
700 കുടുംബങ്ങളിലെ പുരുഷന്മാരാണ് ജാതിവിവേചനത്തിന്റെ പേരിൽ പതിറ്റാണ്ടുകളായി അവഗണന നേരിടുന്നത്. ചക്ലിയ വിഭാഗത്തിൽപ്പെട്ടവർ 40 കിലോമീറ്റർ സഞ്ചരിച്ച് മൂന്നാറിലെത്തിയാണ് മുടി വെട്ടിയിരുന്നത്. പുതിയ തലമുറയിൽപ്പെട്ടവർ പഞ്ചായത്തിൽ പരാതിയുമായി എത്തിയതോടെയാണ് വിഷയം പുറത്തറിയുന്നത്. തുടർന്നാണ് പട്ടികജാതി ക്ഷേമസമിതിയും മറ്റും പ്രശ്നത്തിൽ ഇടപെട്ടത്. നിലവിൽ ജനങ്ങൾക്കിടയിൽ ജാതി വിവേചനത്തോടെ പ്രവർത്തിച്ചിരുന്ന ബാർബർ ഷോപ്പ് പൂട്ടുകയും പൊതു മുടിവെട്ട് കേന്ദ്രം തുടങ്ങാനും തീരുമാനമായതായി പഞ്ചായത്ത് അറിയിച്ചു.