gold-smuggling-case

ചെന്നൈ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ജൂവലറികളിൽ എൻ.ഐ.എ പരിശോധന നടത്തുന്നു. കോയമ്പത്തൂരിലെ പവിഴം ജൂവലറി കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടത്തുന്നത്. കോയമ്പത്തൂരില സ്വർണവ്യാപാരിയെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പവിഴം വീഥിയിൽ നന്ദകുമാറിനെയാണ് എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണം നന്ദകുമാറിലേക്കെത്തിയെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്. നന്ദകുമാറിന്റെ വീട്ടിൽ രാവിലെ നാലംഗസംഘം പരിശോധന നടത്തിയിരുന്നു. റെയ്ഡിന് ശേഷം നന്ദകുമാറിനെ കൂടുതലായി ചോദ്യം ചെയ്യാനായി കോയമ്പത്തൂർ റേസ് കോഴ്സിലുള്ള എൻ.ഐ.എയുടെ ഓഫീസിലേക്ക് കൊണ്ടുപോയി.

നന്ദകുമാര്‍ വളരെ പെട്ടെന്നാണ് കോടിശ്വരനായതെന്നാണ് സമീപവാസികളുടെ മൊഴി. ഇത് സ്വര്‍ണക്കടത്തിലൂടെ ആണോയെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്. ഏതാനും ആഴ്ചകൾ മുമ്പ് തിരുച്ചിറപ്പള്ളിയിലെ ജൂവലറികൾ കേന്ദ്രീകരിച്ച് എൻ.ഐ.എ അന്വേഷണം നടത്തുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെയും റെയ്‌ഡ്. എൻ.ഐ.എയുടെ കൊച്ചി, ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥരാണ് റെയ്‌ഡിന് നേതൃത്വം നൽകുന്നത്.